പയ്യന്നൂരില്‍ ലോറിക്കുള്ളില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ സിമന്റ് കയറ്റിവന്ന ലോറിയുടെ ഡ്രൈവറെ ലോറിക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തേനി പെരിയകുളത്തെ അബുതാഹിര്‍ എന്ന ഭായിയെ (45)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് കുറൂര്‍ ബാലഗണപതി ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറാണ്. പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പയ്യന്നൂരില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ബസ്സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ കാബിനകത്ത് തൂങ്ങി മരിച്ചനിലയില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടത്.
തമിഴ്നാട്ടിലെ കരിങ്കാലിയില്‍ നിന്ന് സിമന്റുമായി നിലേശ്വരത്തേക്കുള്ള യാത്രയ്ക്കിടയില്‍ മറ്റു ലോറികള്‍ക്കൊപ്പം ഈ ലോറിയും നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. രാത്രി എട്ടരയോടെ മറ്റു വാഹനങ്ങളിലെ ജീവനക്കാര്‍ ഉറങ്ങി. അതിനാല്‍ അര്‍ധരാത്രിയാവും സംഭവമെന്ന് പോലീസ് സംശയിക്കുന്നു. ദുരൂഹതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണപ്പിള്ളയുടെ സഹായം തേടി. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് ലോറികളിലെ ഡ്രൈവര്‍മാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.