തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രെെവിംഗ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങളും പരിഷ്ക്കാരങ്ങളും ഏപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. ഇന്ന് പുറത്തിറക്കിയ സക്കുലറിലാണ് പുതിയ പരിഷ്ക്കാരങ്ങൾ. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രെെവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷയുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തും. കാർ ലൈസന്‍സ് ടെസ്റ്റില്‍ നിന്ന് എച്ച് ഒഴിവാക്കിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലെെസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറയുന്നു. ഗിയറുള്ള കാറിൽ തന്നെ ടെസ്റ്റ് നടത്തണം. പുതിയ മാറ്റങ്ങൾ മേയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഡ്രൈവിംഗ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. 15 വർഷത്തിനുമുകളിലുള്ള വാഹനങ്ങൾ മേയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം. ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം. ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്നും സർക്കുലറിൽ പറയുന്നു. വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും കൊണ്ടുവന്നു.
ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോർഡ് ചെയ്ത് സൂക്ഷിക്കണം.ടെസ്റ്റ് റെക്കോർഡ് ചെയ്ത ഡാറ്റ മോട്ടോർ വാഹന വകുപ്പിലെ കമ്പ്യൂട്ടറിലേക്ക് മാറ്റണം. ഈ ഡാറ്റ മൂന്ന് മാസം സംരക്ഷിയ്ക്കണം. കൂടാതെ ഡ്രെെവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.