കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്കൂൾ അധ്യാപകന്റെ കുത്തേറ്റു കൊല്ലപ്പട്ട വനിതാ ഡോക്ടർ ഡോ.വന്ദനാ ദാസിന്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തിലിലാണ് പൊതുദർശനം. വൻ ജനാവലിയാണ് വന്ദനയെ അവസാനമായി കാണുന്നതിന് എത്തുന്നത്. മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെയുള്ളവരും എത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിലാണ് സംസ്കാരം.
ശവസംസ്കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെ നാളെ (11.05.2023)രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ.
എറണാകുളം ഭാഗത്ത് നിന്നും ഏറ്റുമാനൂർ – കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ( കണ്ടെയ്നർ ലോറി ഒഴികെ ) കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലകര- തോട്ടുവ -കാഞ്ഞിരത്താനം -കുറുപ്പന്തറ വഴി പോകേണ്ടതാണ്.ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് തലയോലപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ( കണ്ടെയ്നർ ലോറി ഒഴികെ ) കുറുപ്പന്തറയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മണ്ണാറപ്പാറ- മള്ളിയൂർ ജംഗ്ഷൻ- റോയൽ മാർബിൾ ജംഗ്ഷൻ- മുട്ടുചിറ വഴി പോകേണ്ടതാണ്. ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് ഏറ്റുമാനൂർ ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ച വന്ദനയുടെ മൃതദേഹത്തിൽ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലും പൊതദര്‍ശനത്തിനു വച്ചപ്പോഴും നിരവധിപ്പേർ വന്ദനയെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി.
അതേസമയം, ഡോ.വന്ദനാ ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളത്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്തു. തുടർന്ന് സന്ദീപിനെ ആംബുലൻസിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി.