തിരുവനന്തപുരം:സ്ത്രീധന പീഡന പരാതിയിൽ മുൻകൂർ ജാമ്യഹർജി തളളിയതോടെ യുവ ഡോക്ടറും വീട്ടുകാരും കീഴടങ്ങി. ഭാര്യയും ഡോക്ടറുമായ തിരുവനന്തപുരം സ്വദേശി ധന്യയുടെ പരാതിയിലാണ് ഭർത്താവ് സിജോരാമനും വീട്ടുകാരും നെടുമങ്ങാട് കോടതിയിലെത്തി കീഴടങ്ങിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
2020 സെപ്റ്റംബറിലാണ് തിരുവനന്തപുരം ചൊവ്വര സ്വദേശി ധന്യയും വട്ടപ്പാറ സ്വദേശി ഡോക്ടർ സിജോ രാമനും വിവാഹിതരായത്. വിവാഹസമയത്ത് ഏഴ് ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകിയിരുന്നു. രണ്ട് ഏക്കർ ഭൂമിയും ധന്യയുടെ പേരിൽ വീട്ടുകാർ രജിസ്റ്റർ ചെയ്ത് നൽകി. വസ്തു സിജോയുടെ പേരിലാക്കി വിൽക്കാനുളള ശ്രമം എതിർത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഭർത്താവും ഭർത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി
കഴിഞ്ഞ ഏപ്രിൽ 15 ന് ധന്യ വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കേസിലെ ഒന്നാംപ്രതിയായ ഭർത്താവ് സിജോ രാമനും മറ്റ് പ്രതികളായ മാതാപിതാക്കളും സഹോദരനും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജ്ജി നൽകിയെങ്കിലും തളളി. തുടർന്നാണ് കീഴടങ്ങാൻ പ്രതികൾക്ക് കോടതി നിർദേശം നൽകിയത്. നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ടേര്റ്റ് കോടതിയിലെത്തി കീഴടങ്ങിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.