സ്ത്രീധന തുക നല്‍കിയില്ല; വരനും കുടുംബവും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി! ഒടുവില്‍ സംഭവിച്ചത്
ഗ്രേറ്റര്‍ നോയിഡ: സ്ത്രീധന തുക നല്‍കാത്തതിന്റെ പേരില്‍ വരനും സംഘവും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ഗ്രേറ്റര്‍ നോയിഡയിലെ കസ്ന സ്വദേശിയായ അക്ഷത് ഗുപ്തയും ബന്ധുക്കളുമാണ് സ്ത്രീധനമായി ഒരു കോടി രൂപ നല്‍കിയില്ലെന്ന കാരണത്താല്‍ വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയത്. രണ്ട് ദിവസം മുമ്പാണ് ഒരു കോടി രൂപ സ്ത്രീധനം വേണമെന്ന് വധുവിന്റെ കുടംബത്തെ ഇവര്‍ അറിയിച്ചത്. പണം ലഭിച്ചില്ലെങ്കില്‍ വിവാഹം ഉപേക്ഷിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലില്‍ വിവാഹം ഉറപ്പിച്ച ദിവസം മുതല്‍ വരന്റെ വീട്ടുകാര്‍ പല തവണയായി നിബന്ധനകള്‍ വച്ചിരുന്നു.
വിവാഹത്തിന് മുമ്പ് പണം ലഭിക്കണമെന്നാതായിരുന്നു ഇവരുടെ ആവശ്യം. വിവാഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടത്തണമെന്നും ബന്ധുക്കള്‍ക്ക് സ്വര്‍ണനാണയങ്ങളും സ്വര്‍ണമാലയും പണവും നല്‍കണമെന്നും വരന്റെ കുടംബം ആവശ്യപ്പെട്ടു. വരന്റെ നിബന്ധനകള്‍ വധുവിന്റെ കുടുംബം ആദ്യം അംഗീകരിക്കാന്‍ തയ്യാറായി. എന്നാല്‍ വരനും വീട്ടുകാരും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്. സംഭവത്തില്‍ 32-കാരനായ വരനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.