കൊച്ചി: കളമശ്ശേരിയില്‍ യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ട് പോലീസ് കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി. കൊച്ചി കടവന്ത്ര സ്വദേശിയായ ഇയാള്‍ കഴിഞ്ഞ അഞ്ചരവര്‍ഷമായി തമ്മനം കുത്തപ്പാടിയില്‍ താമസിച്ചുവരികയായിരുന്നു. ഇയാളുടെ വീട്ടില്‍നിന്ന് ടൂള്‍ ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്.
മാര്‍ട്ടിന്റെ ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡൊമനിക് മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ചുമണിക്കുശേഷം വീട്ടില്‍നിന്ന് പോയിരുന്നുവെന്നാണ് വിവരം. വീട്ടില്‍നിന്ന് ഇയാള്‍ പോയത് യഹോവസാക്ഷികളുടെ സമ്മേളനം നടക്കുന്ന കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലേക്കാകാമെന്നാണ് പോലീസ് കരുതുന്നത്. സ്‌ഫോടനം നടത്താന്‍ ഭര്‍ത്താവ് പദ്ധതിയിട്ടതിന്റെ സൂചനയൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ഭാര്യ മൊഴിനല്‍കിയതായി സൂചനയുണ്ട്.
വിദേശത്തായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. നേരത്തെ സ്‌പോകണ്‍ ഇംഗ്ലീഷ് ക്ലാസെടുത്തിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യയും രണ്ടുമക്കളുമടങ്ങുന്നതാണ് കുടുംബം.
ഇയാള്‍ ശാന്ത സ്വഭാവക്കാരനാണെന്ന് വാടക വീടിന്റെ ഉടമസ്ഥന്‍ പറഞ്ഞു. ‘ഇതുവരെ കുഴപ്പമൊന്നും ഉണ്ടാക്കിയിട്ടില്ല. രണ്ടുദിവസം വൈകിയാലും കൃത്യമായി വാടക തരും. അമ്മയും സഹോദരനുമല്ലാതെ മറ്റാരും വരാറില്ല. വലിയ കമ്പനിയൊന്നും അല്ലെങ്കിലും സംസാരിക്കാറൊക്കെയുണ്ട്. അയല്‍ക്കാരുമായി വലിയ ബന്ധമൊന്നുമില്ല. രണ്ടുദിവസം മുമ്പും കണ്ടുസംസാരിച്ചിരുന്നു’, വാടക വീടിന്റെ ഉടമയായ ജലീല്‍ പറഞ്ഞു.
സ്‌കൂട്ടറിലാണ് ഇയാള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയതെന്നാണ് വിവരം. നേരത്തെ ദൃശ്യം പുറത്തുവന്ന നീല മാരുതി സുസുക്കി ബെലേനോ കാറിന് സംഭവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍, സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം രക്ഷപ്പെട്ടുപോയവരുടെ വാഹനമാകാമിതെന്നാണ് നിലവിലെ നിഗമനം.
ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ഇന്റര്‍നെറ്റ് വഴിയാണെന്നാണ് പറയുന്നത്. സംഭവസ്ഥലത്ത് ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. റിമോര്‍ട്ട് ഉപയോഗിച്ചാണ് സ്‌ഫോടനം നിയന്ത്രിച്ചതെന്നും സൂചനയുണ്ട്.
കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടന സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഇന്ന് രാവിലെ കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാർത്ഥനാ യോഗത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അതേ സമയം ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.