CrimeKeralaNews

പൂന്തുറ കടൽത്തീരത്ത് ഡോൾഫിനെ വെട്ടിമുറിച്ച നിലയിൽ; രണ്ട് പേർ പിടിയിൽ

പൂന്തുറ: പൂന്തുറ ചേരീയാമുട്ടം കടല്‍ത്തീരത്ത് ഡോള്‍ഫിനെ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

പൂന്തുറ സ്വദേശിയായ ബെനാന്‍സന്റെ വലയിലാണ് മറ്റുമീനുകള്‍ക്കൊപ്പം ഡോള്‍ഫിനുണ്ടായിരുന്നത്. ഏകദേശം 300 കിലോതൂക്കമുളള ഡോള്‍ഫിനെയാണ് ചത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് കരയിലെത്തിച്ചശേഷം പൂന്തുറയിലുളള മീന്‍വില്‍പ്പനക്കാരിയ്ക്ക് ഡോള്‍ഫിനെ കൈമാറുകയായിരുന്നു. ഇവര്‍ ഇതിനെ തീരത്തിട്ട് മുറിച്ച് കഷണങ്ങളാക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ പൂന്തുറ പോലീസിനെ വിവരമറിയിച്ചു.

എസ്.ഐ. വിമലിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തി ഡോള്‍ഫിനെ വെട്ടിമുറിക്കുന്നത് തടഞ്ഞു. പോലീസ് അറിയിച്ചതിനുസരിച്ച് വനംവകുപ്പിന്റെ പരുത്തിപ്പളളി റെയിഞ്ചില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരായ ഗംഗാധരന്‍ കാണി, റോഷ്നി, റാപ്പിഡ് ആക്ഷന്‍ സംഘത്തിലെ രാഹുല്‍, ശരത്, നിഷാദ് എന്നിവര്‍ സ്ഥലത്തെത്തി.

കേരളത്തീരത്തെ കടലിലുളള ബോട്ടില്‍ നോസ് എന്ന വിഭാഗത്തിലുളള ഡോള്‍ഫിനാണിതെന്ന് കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് മേധാവി പ്രൊഫ. എ.ബിജുകുമാര്‍ പറഞ്ഞു. 1972 ലെ വന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ടതാണ് ഇത്തരം ഡോള്‍ഫിനുകള്‍. ഇവയെ കൊല്ലാനോ മാസം വില്‍ക്കാനോ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വനംവകുപ്പ് അധികൃതര്‍ ഡോള്‍ഫിന്റെ ശരീരഭാഗങ്ങളെ പരുത്തിപളളി റെയിഞ്ചാഫീസിലെത്തിച്ചു. കാപ്പാട് നിന്നുമെത്തിയ വെറ്ററിനറി ഡോക്ടര്‍ ഇതിന്റെ ശരീരഭാഗങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടത്തി. വനംവകുപ്പ് അധികൃതര്‍ കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button