ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഓരോ തീര്‍ത്ഥാടകര്‍ക്കും നൂറുനൂറു കഥകളാവും ശബരിമലയാത്രയേക്കുറിച്ച് പറയാനുണ്ടാവുക.താരതമ്യേന ചെറുവ്രതവും പെട്ടെന്നുപോയുള്ള മടങ്ങിവരവുമാണ് മലയാളികളായ ഭക്തരുടെ പ്രത്യേകത.എന്നാല്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ഭക്തര്‍ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തരാണ്.നിരവധി കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് ഇവരില്‍ പലരും സന്നിധാനത്തെത്തുന്നത്.
13 അംഗ അയ്യപ്പതീര്‍ത്ഥാടക സംഘത്തെ പിന്തുടരുന്ന നായയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.ആന്ധ്രപ്രദേശിലെ തിരുമലയില്‍ നിന്നും ഒക്ടോബര്‍ 31 ന് യാത്രതുടങ്ങിയ സംഘത്തിനൊപ്പം ഇതിനകം 480 കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞു.
നവംബര്‍ 17ന് ചിക്കമംഗളൂരു ജില്ലയിലെ കോട്ടിഗെഹരയില്‍ സംഘം എത്തിച്ചേര്‍ന്നു.എന്നാല്‍ നായ തങ്ങളെ പിന്തുടരുന്നത് ഭക്തര്‍ ആദ്യം ശ്രദ്ധിച്ചില്ല. പക്ഷെ പിന്നീട് നടക്കുമ്പോള്‍ ഇത് പിന്നാലെ തന്നെ വരുന്നത് ശ്രദ്ധിച്ചു. ഞങ്ങള്‍ കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കുമ്പോള്‍ നായയ്ക്കും നല്‍കും. എല്ലാ വര്‍ഷവും ശബരിമല യാത്ര പോകാറുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവം’, ഭക്തര്‍ പറയുന്നു.
വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. ഹൃദയസ്പര്‍ശിയായ കഥയ്ക്ക് ആളുകള്‍ മികച്ച പ്രതികരണവും രേഖപ്പെടുത്തി. നായയെ ശ്രദ്ധിച്ച് അതിന് ഭക്ഷണം കൊടുത്തതിലും വലിയ പ്രാര്‍ത്ഥനയില്ലെന്നാണ് ഒരാള്‍ കുറിച്ചത്. സ്നേഹത്തിന് ഇത്രയും വലിയൊരു ഉദാഹരണം ലോകത്തില്ലെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.മണ്ഡല-മകരവിളക്കു മഹോത്സവത്തിനായി നടതുറന്ന ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.