മുംബെെ: അലക്ഷ്യമായി വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ മൃഗങ്ങൾ ഇരയായ കേസുകൾക്ക് ബാധകം അല്ലെന്ന് ബോംബെ ഹൈക്കോടതി. നായ, പൂച്ച തുടങ്ങിയവയെ അവരുടെ ഉടമസ്ഥർ കുട്ടിയായോ കുടുംബാംഗമായോ കാണുമെങ്കിലും ജീവശാസ്ത്ര പ്രകാരം അവ മനുഷ്യരെല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അലക്ഷ്യമായി വാഹനം ഓടിച്ച് തെരുവ് നായയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സ്വിഗ്ഗി ഭക്ഷണ വിതരണക്കാരന് എതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് (അലക്ഷ്യമായി വാഹനം ഓടിക്കൽ) 337 ആം വകുപ്പ് ( ജീവൻ അപായപ്പെടുത്തൽ) എന്നിവ മനുഷ്യർക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് ആണ് ബാധകം ആകുന്നത്. അതിനാൽ തന്നെ ഈ വകുപ്പുകൾ മനുഷ്യർക്ക് എതിരായ അതിക്രമങ്ങൾക്ക് മാത്രമാണ് ബാധകം ആകുക.
വളർത്തു മൃഗങ്ങൾക്കും, മറ്റ് മൃഗങ്ങൾക്കും എതിരെ ഉണ്ടാകുന്ന അക്രമങ്ങൾക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 337 വകുപ്പുകൾ പ്രകാരം കുറ്റം ചുമത്താൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മുംബൈ മറൈൻ ഡ്രൈവിൽ ഭക്ഷണം വിതരണം ചെയ്യാൻ പോയ സ്വിഗ്ഗിയുടെ ഡെലിവറി ബോയുടെ വാഹനം ഇടിച്ചാണ് തെരുവ് നായ കൊല്ലപ്പെട്ടത്. തെരുവ് നായക്ക് ഭക്ഷണം നൽകുക ആയിരുന്ന വിദ്യാർഥിയുടെ പരാതിയിലാണ് പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ, മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആയിരുന്നു കേസ്. ഭക്ഷണപ്പൊതി നൽകാനായി ബൈക്കിൽ പോകുമ്പോൾ റോഡ് മുറിച്ചു കടന്ന നായയെ മനപ്പൂർവ്വമായി കൊലപ്പെടുത്താൻ ഡെലിവറി ബോയ്ക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പോലീസ് കൂടുതൽ ജാഗ്രത കാണിക്കണമെന്ന് കോടതി നിരീക്ഷിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സ്വിഗ്ഗി ഡെലിവറി ബോയ്ക്ക് 20000 രൂപ പിഴ ആയി നൽകാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഈ തുക കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും, കുറ്റപത്രത്തിന് അംഗീകാരം നൽകിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.