KeralaNews

ഡോക്ടര്‍ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, കഴുത്തിലും നെഞ്ചിലും ആഴത്തില്‍ മുറിവ്, പ്രതി അധ്യാപകന്‍

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാവിന്റെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദന മരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ പൊലീസിനും ബന്ധുക്കള്‍ക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടത്. അഞ്ചോളം കുത്തുകള്‍ വന്ദനക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം.

പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടില്‍ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇ‌യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാര്‍ക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി സന്ദീപ് അധ്യാപകനാണെന്നും നാട്ടുകാര്‍ പറയുന്നു.

നിലത്തുവീണ ഡോക്ടറെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. വീട്ടില്‍ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. വീട്ടില്‍ വെച്ച്‌ അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയില്‍ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു.

ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നവരെയും തടയാന്‍ ശ്രമിച്ചവരെയും കുത്തുകയായിരുന്നു. അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button