അമ്പത്തിയഞ്ചുകാരിക്ക് വയറുവേദനയ്ക്ക് നിര്‍ദ്ദേശിച്ചത് കോണ്ടം! സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ക്കെതിരെ നടപടിക്കൊരുങ്ങി അധികൃതര്‍
റാഞ്ചി: അമ്പത്തിയഞ്ചു വയസുള്ള സ്ത്രീക്ക് വയറുവേദനയ്ക്ക് കോണ്ടം നിര്‍ദ്ദേശിച്ചുവെന്നാരോപിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങി അധികൃതര്‍. ഝാര്‍ഖണ്ഡിലെ ഘട്‌സിലയിലെ സര്‍ജന്‍ ഡോ. അഷ്‌റഫ് ബദറിനെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഈസ്റ്റ് സിങ്ഭുമിന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) രൂപീകരിച്ച മൂന്നംഗ അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ ഉത്തരവ്. ഡോ. അഷ്റഫ് ഒരു വര്‍ഷത്തെ കരാറിലായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്.
നിരവധി മോശം പെരുമാറ്റക്കുറ്റം ചുമത്തി അദ്ദേഹത്തെ നേരത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള രേഖാമൂലമുലം എഴുതി വാങ്ങിയ ശേഷമാണ് അദ്ദേഹത്തെ വീണ്ടും ജോലിക്ക് എടുത്തിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വയറു വേദനയുമായി എത്തിയ തന്നോട് ഡോകടര്‍ വയറുവേദനയ്ക്ക് ‘കോണ്ടം’ നിര്‍ദ്ദേശിച്ചതായും ആശുപത്രിയില്‍ വെച്ച് ഫാര്‍മസി സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു.