<p>ഹരിയാന: കോവിഡ് രോഗികളെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ വിഭാഗം ജിവനക്കാര്‍ക്കും ശമ്പളം ഇരട്ടിയാക്കി ഹരിയാന സര്‍ക്കാര്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.</p>
<p>ഇതിന് പുറമെ കോവിഡിനെതിരായ യുദ്ധത്തില്‍ ജീവന്‍ പൊലിയുന്ന പൊലീസുകാര്‍ക്ക് 30 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കോവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സേന ജീവന്‍ പണയം വച്ചാണ് സേവനത്തിനിറങ്ങുന്നതെന്നും, മിക്കപ്പോഴും ക്വറന്റീനില്‍ കഴിയുന്ന രോഗികളുമായി വരെ ഇവര്‍ക്ക് സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടി വരുമെന്നും ഹരിയാന ഡിജിപി മനോജ് യാദവ പറഞ്ഞു.</p>
<p>കോവിഡ് പ്രതിരോധ സേവനത്തിനിടെ രോഗം ബാധിച്ച് മരിച്ച ഏത് പൊലീസ് ജീവനക്കാരനും 30 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. ഹരിയാന കോവിഡ് റിലീഫ് ഫണ്ടില്‍ നിന്നാകും തുക ലഭിക്കുക. കേന്ദ്ര സര്‍ക്കാര്‍ കണക്ക് പ്രകാരം ഹരിയാനയില്‍ നിലവില്‍ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 169 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്</p>