ദിവസവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുകയാണ്. അതുപോലെ തന്നെ സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള തട്ടിപ്പും വളരെ കൂടുതലാണ്. ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യം കാണുന്നവര്‍ സമീപകാലത്ത് തട്ടിപ്പിനിരയാകുന്നത് വര്‍ധിക്കുകയാണെന്നു റിപ്പോർട്ട്.
അശ്ലീലദൃശ്യം കാണുന്നതിന് ഇടയ്ക്ക് നിങ്ങളുടെ ‘ബ്രൗസര്‍ ലോക്ക് ചെയ്തിരിക്കുന്നു’ എന്ന മെസേജ് വരും. ഇത്തരം വ്യാജ പോപ്പ്-അപ്പ് ആണ് പോണ്‍സൈറ്റ് സന്ദര്‍ശിക്കുന്നവരെ ഇപ്പോള്‍ ചതിക്കുഴിയില്‍ ചാടിക്കുന്നത്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒരു പൂര്‍ണ്ണ പേജ് പോപ്പ്-അപ്പിന് കാരണമായ ഒരു സംശയാസ്പദമായ യുആര്‍എല്ലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് ഒരു സുരക്ഷാ ഗവേഷകനാണ് ഈ തട്ടിപ്പിനെക്കുറിച്ച് അറിയിച്ചത്.
പോപ്പ്-അപ്പ് ഉപയോക്താക്കളുടെ കമ്ബ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതിന് പിഴയായി 29,000 രൂപ ആവശ്യപ്പെടുകയും അല്ലെങ്കിൽ ക്രിമിനല്‍ നടപടികള്‍ക്കായി ഉപയോക്താവിന്റെ വിവരം മന്ത്രാലയത്തിന് കൈമാറുമെന്നും, പിഴ അടയ്ക്കാന്‍ ആറു മണിക്കൂര്‍ വരെ സമയമുണ്ടെന്നും മെസേജ് സൂചിപ്പിക്കുന്നു. വിസ അല്ലെങ്കില്‍ മാസ്റ്റര്‍കാര്‍ഡ് കാര്‍ഡ് വഴി ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റ് നടത്താൻ ‘പേയ്‌മെന്റ് വിശദാംശങ്ങള്‍’ എന്ന വിഭാഗവും സന്ദേശത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പണം അടച്ചാലുടന്‍ ബ്രൗസര്‍ അണ്‍ലോക്ക് ചെയ്യുമെന്നും സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍ നിയമ മന്ത്രാലയത്തിന്റെ പേരിലുള്ള ഇത്തരം മുന്നറിയിപ്പുകള്‍ തീര്‍ത്തും വ്യാജമാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, നിങ്ങളുടെ കമ്ബ്യൂട്ടറില്‍ അത്തരമൊരു പോപ്പ്-അപ്പ് വരുകയാണെങ്കിൽ ബ്രൗസര്‍ വിന്‍ഡോ അടയ്ക്കുകയോ സിസ്റ്റം ഓഫ് ചെയ്യുകയോ ആണ് നല്ലത്.