24.6 C
Kottayam
Sunday, May 19, 2024

‘നിങ്ങൾക്ക് പരാതിയുണ്ടോ…’, ചോദ്യത്തിന് പിന്നാലെ സവാദിനെ പൂട്ടിയ പൂട്ട്; നന്ദിതക്കൊപ്പം കയ്യടി നേടി കണ്ടക്ടർ

Must read

കൊച്ചി: പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച് ജയിലിലാക്കിയ സംഭവത്തിൽ യാത്രക്കാരിയായ യുവനടി നന്ദിതക്കും കണ്ടക്ടർ പ്രദീപിനും കയ്യടിച്ച് കേരള ജനത. സംഭവത്തിൽ യുവനടി നന്ദിതയുടെ ശക്തമായ പ്രതികരണത്തിനൊപ്പം കണ്ടക്ടർ പി പി പ്രദീപിന്‍റെ ഇടപെടലും ഏവരും എടുത്തുപറഞ്ഞാണ് അഭിനന്ദനം അറിയിക്കുന്നത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമടക്കമുള്ളവർ ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

ഗതാഗത മന്ത്രിയുടെ വാക്കുകൾ

കെഎസ്ആർടിസി ബസ്സിൽ യുവനടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നിയമത്തിനു മുന്നിൽ എത്തിക്കുവാൻ പ്രയത്നിച്ച കെഎസ്ആർടിസി അങ്കമാലി യൂണിറ്റിലെ കണ്ടക്ടർ കെ.കെ. പ്രദീപിന്റെയും ഡ്രൈവർ പി. ഡി. ജോഷിയുടെയും സമയോചിതമായ ഇടപെടൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു. പൊതുജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് എന്നും മുൻ തൂക്കം കൊടുക്കുന്ന കെഎസ്ആർടിസിയിൽ സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവർത്തികൾ അനുവദിച്ചു കൊടുക്കില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയുമായി മുൻപോട്ടു പോകും…

വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ

കെഎസ്ആർടിസി ബസ്സിൽ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആർജ്ജവത്തോടെ പ്രതികരിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ. 
സംഭവം അറിഞ്ഞ ഉടൻ തന്നെ പെൺകുട്ടിക്ക് കൃത്യമായ പിന്തുണ നൽകി കൂടെ നിന്ന കെഎസ്ആർടിസി കണ്ടക്ടർ സ്വന്തം തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ചു.

ബസിൽ വെച്ച് മോശമനുഭവമുണ്ടായതിനെ തുടർന്ന് ശബ്ദമുയർത്തിയ പെണ്‍കുട്ടിയോട് “നിങ്ങൾക്ക് പരാതിയുണ്ടോ..” എന്ന് ചോദിക്കുകയും ആർജ്ജവത്തോടെ ഇടപെടുകയും ചെയ്ത കെ എസ് ആർ ടി സി കണ്ടക്ടറുടെ ചിത്രവും കയ്യടി അർഹിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്ത്രീകൾ ഇത്തരം പരാതികൾ ഉന്നയിക്കുമ്പോൾ ചുറ്റുപാടുമുള്ള മനുഷ്യരുടെ പ്രതികരണങ്ങൾ എങ്ങിനെയാവുമെന്ന ആശങ്ക അവരെ എപ്പോഴും അലട്ടാറുണ്ട്. പരാതികളിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ‘ഞങ്ങളീ നാട്ടുകാരേ അല്ല’എന്ന രീതിയിൽ പുറംതിരിഞ്ഞു നിൽക്കുന്ന ബസ് ജീവനക്കാരെയാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളതും…!! അവരെല്ലാം കെ കെ പ്രദീപിനെ മാതൃകയാക്കണമെന്നും സോഷ്യൽ മീഡിയയിൽ പലരും പറയുന്നുണ്ട്.

സംഭവത്തെക്കുറിച്ച് നന്ദിത പറഞ്ഞത്

ബസിൽ മോശമായി പെരുമാറുകയും ന​ഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെക്കുറിച്ച് മറ്റ് ചിലരും  തന്നോട് പറഞ്ഞതായി ദുരനുഭവം നേരിട്ട നന്ദിത പറഞ്ഞു. തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാധ്യമത്തിൽ വീഡിയോയും പങ്കുവെച്ചിരുന്നു. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു നന്ദിത.

ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് റിമാൻഡിലാണ്. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്. സംഭവത്തില്‍ പ്രതികരിച്ച യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.

വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം, ഇയാൾ സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത വെളിപ്പെടുത്തുന്നു. ഇയാളിൽ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകൾ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു. ധൈര്യപൂർവ്വം പ്രതികരിച്ചതിന് നിരവധി പേർ പിന്തുണ അറിയിച്ചു. സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായും ചിലർ അറിയിച്ചു. അതുപോലെ തന്നെ ബസ് കണ്ടക്ടർ പ്രദീപ് സമയോചിതമായി ഇടപെട്ടു. നന്ദിത പ്രതികരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week