പത്തനംതിട്ട: ശബരിമലയിലെ ഡോളി സമരത്തിൽ വിമർശനവുമായി ഹൈക്കോടതി. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യവും അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ വിധി.
ഭക്തരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ ദേവസ്വം ബോർഡ് പ്രീപെയ്ഡ് രീതിയിലേക്ക് സർവ്വീസ് മാറ്റാൻ നീക്കം നടത്തിയിരുന്നു. ഇതിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധ സമരം നടത്തിയത്. ഇന്നലെ അർദ്ധരാത്രി മുതൽ ഉച്ചവരെ ആയിരുന്നു സമരം. ഇത് ശബരിമലയിൽ എത്തിയ ഭക്തർക്ക് അസൗകര്യം ഉണ്ടാക്കി.
ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഭക്തരെ ബുദ്ധിമുട്ടിയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇനി ഒരിക്കലും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് താക്കീതും നൽകി. ഇത്തരം സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കും.
സമരത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് പോലീസ് കോർഡിനേറ്റർക്ക് ദേവസ്വം ബെഞ്ച് നിർദ്ദേശവും നൽകി. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സർവീസ് പ്രീപെയ്ഡ് ആക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഒരു വശത്തേയ്ക്ക് ചുരുങ്ങിയത് ചുരുങ്ങിയത് 3250 രൂപ എന്ന നിരക്കിൽ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ച് തൊഴിലാളികൾ സമരം ആരംഭിക്കുകയായിരുന്നു. പിന്നീട് ശബരിമല എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്.