തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടു രൂക്ഷമായി പ്രതികരിച്ച് നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ. താന്‍ പറഞ്ഞതു തന്റെ അഭിപ്രായമാണെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കിയ അവര്‍, അധിക്ഷേപ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകരോടു കയര്‍ത്തു സംസാരിക്കുകയും ചെയ്തു.
”മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി, ആണായാലും പെണ്ണായാലും ഒരു മോഹിനിയായിരിക്കണം. ഒരിക്കലും മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാകില്ലല്ലോ? മോഹിനിയാട്ടം എന്നാണു പേരു തന്നെ. ഒരു മോഹിനിയാകുമ്പോള്‍ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. ഞങ്ങളെ പോലെ ഉള്ളവര്‍ എന്താ സൗന്ദര്യ മത്സരത്തിനു പോകാത്തത്? അതിന് അത്യാവശ്യം സൗന്ദര്യവും നിറവുമൊക്കെ വേണം. തീരെ കറുത്ത കുട്ടികള്‍ക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? എത്ര ചാനലുകാര്‍ വന്നാലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു
കറുത്ത ആള്‍ക്കാര്‍ കളിക്കാന്‍ പാടില്ലെന്നില്ല. അതു പെണ്‍കുട്ടികളാണെങ്കില്‍ കുഴപ്പമില്ല. ആണ്‍കുട്ടികളാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ കുറച്ചു സൗന്ദര്യം വേണം. ഞാന്‍ പൊതു അഭിപ്രായമാണു പറഞ്ഞത്. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമായിരിക്കും. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ എടുത്തു കൊണ്ടു വാ”- സത്യഭാമ പറഞ്ഞു.
അഭിമുഖത്തില്‍ ‘അയാള്‍’ എന്ന് ഉദ്ദേശിച്ചത് ആരെയാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, അത് ആരോ ആയിക്കട്ടെ, നിങ്ങള്‍ എന്തിനാണ് അറിയുന്നത് എന്നായിരുന്നു സത്യഭാമയുടെ മറുചോദ്യം. ”ഏതോ ഒരാള്‍ എന്നു വിചാരിച്ചോളൂ, ഞാന്‍ ആരുടെയും പേരു പറഞ്ഞിട്ടില്ലല്ലോ. നിങ്ങള്‍ എന്തിനാണു കുത്തിക്കുത്തി ചോദിക്കുന്നത്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. ജാതി പറഞ്ഞിട്ടില്ല, മതം പറഞ്ഞിട്ടില്ല”- സത്യഭാമ കൂട്ടിച്ചേര്‍ത്തു.
തന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഇനിയും സംസാരിക്കുമെന്നും പറഞ്ഞതില്‍ കുറ്റബോധമില്ലെന്നും സത്യഭാമ വ്യക്തമാക്കി. ”കറുത്ത കുട്ടികള്‍ നൃത്തം പഠിക്കാന്‍ വന്നാല്‍ പരിശീലനം കൊടുക്കും എന്നാല്‍ മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്പോ സൗന്ദര്യത്തിന് ഒരു കോളം ഉണ്ട്, അവര്‍ മാര്‍ക്കിടില്ല എന്നു പറയും”- അവര്‍ പറഞ്ഞു.