കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ പൊന്നാമറ്റം കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും. മരിച്ച റോയ് തോമസിന്റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കള്‍ എന്നിവരുടെ ഡിഎന്‍എയാണ് പരിശോധിക്കുക. ഇവര്‍ സാമ്പിള്‍ നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിലെത്തി. കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കൂടത്തായിയില്‍ മരിച്ചവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുക.
അതേസമയം, കേസില്‍ അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളെ കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഈ മാസം 19ന് കേസിലെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കും. ബുധനാഴ്ചയാണ് കേസിലെ മുഖ്യപ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്.