തിരുവനന്തപുരം: സർക്കാരിന്റെ അവയവദാന പദ്ധതിക്കെതിരെ പരാമർശം നടത്തിയതിനെ തുടർന്ന് ഡോ. ഗണപതിക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ നോട്ടീസ് അയച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന അവയവദാനത്തിനെതിരെയും ഒരു മത വിഭാഗത്തിനെതിരെയും നടത്തിയ പരാമർശങ്ങളിന്മേലാണ് നോട്ടീസ്. ആരോപണങ്ങളിൽ ഡോ. ഗണപതി തെളിവ് ഹാജരാക്കണമെന്നാണ് ഡിഎംഒ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോ. ഗണപതി അവയവദാനത്തിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി കേരള സ്റ്റേറ്റ് ഓർഗൻ ആന്‍ഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഡിഎംഒ നോട്ടീസ് അയച്ചത്.
ഡോ. ഗണപതി നോട്ടീസിന് മറുപടി നൽകിയിട്ടില്ല. തൃപ്തികരമായ മറുപടി ലഭിക്കാത്തപക്ഷം തുടർ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അവയവദാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.
കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ അവയവങ്ങൾ ആശുപത്രി അധികൃതർ വിൽപ്പന നടത്തിയെന്ന് ആരോപിച്ച് നിയമ പോരാട്ടം നടത്തിയ വ്യക്തിയാണ് ഡോ. ഗണപതി. കഴിഞ്ഞ മാസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.
ഒരു മതവിഭാഗത്തിലുള്ള ഡോക്ടര്‍മാരും ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്ക മരണം സംഭവിക്കുന്നതെന്നാണ് ഡോ ഗണപതി പറഞ്ഞത്. എന്നാൽ ഈ മതവിഭാഗത്തിലുള്ളവരിൽ വളരെ കുറവ് മസ്തിഷ്ക മരണം മാത്രമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു