ചെന്നൈ: വനിതാ കൗൺസിലർമാരുടെ ഭർത്താക്കന്മാർ അധികാരം കാട്ടുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ ചെന്നൈ കോർപ്പറേഷനിൽ (Chennai Corporation) ഇനി അത് നടപ്പില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണം കയ്യാളുന്ന പാർട്ടിയായ ഡി എം കെ (D M K). പൊലീസിനോടും ജനങ്ങളോടും അധികാരം കാട്ടിയതിനും അപമര്യാദയായി പെരുമാറിയതിനും കോർപ്പറേഷൻ കൗൺസിലറുടെ ഭർത്താക്കന്മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി എം കെ പ്രഖ്യാപിച്ചു. വനിതാ കൗൺസിലർമാരുടെ ഭർത്താക്കൻമാർ അധികാരം കയ്യിലെടുക്കുന്നതും പരിധിവിട്ട് ഇടപെടുന്നതുമായ നിരവധി സംഭവങ്ങൾ പുറത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ ഭർത്താക്കൻമാർ നാട് ഭരിക്കേണ്ട എന്ന് മേയർ പ്രിയ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി ഉണ്ടായത്.
കോർപറേഷൻ ഭരണസമിതി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ വനിതാ കൗൺസിലർമാരുടെ യോഗം വിളിച്ച് ഭർത്താക്കൻമാരും ബന്ധുക്കളും ഭരണകാര്യങ്ങളിൽ ഇടപെടുന്നത് കർശനമായി തടയണമെന്ന് കനിമൊഴി എം പി നിർദ്ദേശിച്ചിരുന്നു. എന്നാൽ അധികാരത്തിലേറി ഒരു മാസം പിന്നിട്ടപ്പോഴേക്കും വനിതാ കൗൺസിലർമാരുടെ ഭർത്താക്കന്മാർ പലയിടത്തും പിൻസീറ്റ് ഡ്രൈവിംഗും അധികാരം ഏറ്റെടുക്കലും തുടങ്ങി. ഇത് സംബന്ധിച്ച പരാതികൾ ഡി എം കെയ്ക്ക് ലഭിച്ചതോടെയാണ് മേയർ പ്രിയ കഴിഞ്ഞ ദിവസം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
എന്നാൽ ഭർത്താക്കന്മാരുടെ പിൻസീറ്റ് ഡ്രൈവിംഗ് പിന്നെയും ചിലയിടങ്ങളിൽ തുടർന്നുവന്നു. വനിതാ കൗൺസിലർമാരുടെ ഭർത്താക്കന്മാർ അധികാരത്തിൽ ഇടപെടുന്നത് സംബന്ധിച്ചുള്ള വീഡിയോകൾ കൂടി പുറത്തുവന്നതോടെയാണ് ഡി എം കെ യിൽ കടുത്ത നടപടി തന്നെ ഉണ്ടായത്. ഡി എം കെയുടെ വനിതാ കൗൺസിലർ ശർമിളയുടെ ഭർത്താവ് കരുണാനിധി, കൗൺസിലറുടെ ഓഫീസിലെത്തിയ ജനങ്ങളോട് അപമര്യാദയായി സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൗൺസിലറുടെ കസേരയിൽ ഇരുന്നായിരുന്നു ഇയാൾ ഓഫീസിലെത്തിയ വനിതകൾ അടക്കമുള്ളവരെ അപമാനിച്ചത്. നിരഞ്ജന എന്ന ഡി എം കെ കൗൺസിലറുടെ ഭർത്താവ് ജഗദീശൻ പൊലീസിനോട് മെക്കിട്ടുകയറുന്ന വീഡിയോയും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ഡി എം കെ യിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി വന്നത്.
ആരോപണ വിധേയരേയും ഇവർക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരേയും ഡി എം കെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസും എടുത്തിട്ടുണ്ട്. ഭരിക്കാൻ സ്ത്രീകൾക്കറിയാം അവരുടെ ബന്ധുക്കൾ ആ പണി ചെയ്യണ്ട എന്നായിരുന്നു നടപടിയെക്കുറിച്ച് മേയർ പ്രിയ പ്രതികരിച്ചത്. കൗൺസിലർമാരുടെ ഭർത്താക്കന്മാർ അധികാരം കയ്യാളുന്ന പ്രവണതയ്ക്ക് ഇതോടെ അവസാനമാകുമെന്നാണ് ഡി എം കെ പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.