NationalNews

ബി.ജെ.പി നേതാവ് ശോഭ കരന്തലജെയുടെ പരാമർശം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകി ഡി.എം.കെ

ചെന്നൈ: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബെംഗളൂരു മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ഡി.എം.കെ. കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഡിഎംകെയുടെ നടപടി. തമിഴ്നാട്ടില്‍ നിന്നുള്ള, പരിശീലനം നേടിയവര്‍ വന്ന് കര്‍ണാടകയിലെ കഫേയില്‍ ബോംബ് വെച്ചുവെന്നായിരുന്നു ശോഭ കരന്തലജെയുടെ പരാമര്‍ശം.

ഡി.എം.കെ. നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം തന്നെ പരാമര്‍ശത്തെ അപലപിച്ചിരുന്നു. അതിനിടെ, പരാമര്‍ശം വിവാദമായതോടെ ശോഭ കരന്തലജെ മാപ്പ് പറഞ്ഞിരുന്നു.

‘ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ശോഭ കരന്തലജെയുടെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. എന്‍.ഐ.എ. ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ രാമേശ്വരം കഫേ സ്ഫോടനവുമായി അടുത്ത ബന്ധമുള്ളവര്‍ക്കോ മാത്രമേ ഇത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയൂ. തമിഴരും കന്നഡിഗരും ബി.ജെ.പിയുടെ ഈ വിദ്വേഷ പ്രസംഗം തള്ളിക്കളയും.

സമാധാനത്തിനും ഐക്യത്തിനും ഭീഷണിയാകുന്ന പരാമര്‍ശം നടത്തിയ ശോഭ കരന്തലജെയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം. വിഭജന രാഷ്ട്രീയം കളിക്കുന്നത് പ്രധാനമന്ത്രി മുതല്‍ സാധാരണ പ്രവര്‍ത്തകന്‍ വരെ ബി.ജെ.പിയിലെ എല്ലാവരും അവസാനിപ്പിക്കണം. ഈ വിദ്വേഷ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നടപടി സ്വീകരിക്കണം.’ -എം.കെ. സ്റ്റാലിന്‍ കുറിച്ചു.

ശോഭയുടെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ എക്സ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെ ബുധനാഴ്ച രാവിലെ ശോഭ കരന്തലജെ മാപ്പ് പറഞ്ഞു.

പരാമര്‍ശം തമിഴ്‌നാട്ടുകാരെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ലെന്നും കൃഷ്ണഗിരി വനത്തില്‍ പരിശീലനം ലഭിച്ചവരെക്കുറിച്ചാണെന്നുമാണ് ശോഭ എക്‌സില്‍ കുറിച്ചത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം പിന്‍വലിക്കുന്നെന്നും എക്‌സില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button