‘എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ ദിയയ്ക്ക് മോതിരം കൈമാറി;ചുബനം നല്‍കി അശ്വിൻ
കൊച്ചി:കഴിഞ്ഞ ദിവസമാണ് താന്‍ വീണ്ടും പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയ സമൂഹ മാധ്യമത്തില്‍ ഒരു ചിത്രം പങ്കുവച്ചത്. മോതിരമണിഞ്ഞ ദിയയുടെ കയ്യില്‍ ഒരാള്‍ പിടിച്ചു നില്‍ക്കുന്നതായിരുന്നു പോസ്റ്റ്. ‘ഞാന്‍ യെസ് പറഞ്ഞു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
ചിത്രം വൈറലായതോടെ ദിയയുടെ പ്രിയതമനെ തേടുകയായിരുന്നു ആരാധകർ. ദിയയുടെ സുഹൃത്ത് അശ്വിനാണ് ചിത്രത്തിലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ അത് അശ്വിൻ തന്നെയാണെന്ന് വ്യക്തമാവുകയാണ്. അശ്വിന്‍ ഗണേഷ് തന്നെയാണ് ദിയക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചത്. ദിയയെ മോതിരമണിയിക്കാനായി തയാറായി നിൽക്കുന്ന അശ്വിന്റെ ചിത്രമാണ് പങ്കുവച്ചത്.
‘ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്നാണ് അശ്വിൻ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ദിയ കണ്ണു കെട്ടി നില്‍ക്കുന്നതും, മോതിരവുമായി അശ്വിന്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്നതുമാണ് ചിത്രത്തിൽ. ഇരുവരുടെയും സുഹൃത്തുക്കളും ഒപ്പമുണ്ട്.
പിന്നാലെ ആ സുന്ദര നിമിഷത്തിന്റെ വിഡിയോയും ദിയ പങ്കുവച്ചു. സുഹൃത്തുക്കളോടൊപ്പം ആഘോഷപൂർവമായാണ് അശ്വിന്‍ ദിയയെ പ്രെപ്പോസ് ചെയ്തത്. കണ്ണുകെട്ടി നിറയെ പൂക്കൾ കൊണ്ടലങ്കരിച്ച വേദിയിലേക്ക് ദിയ എത്തുന്നതും പിന്നിൽ നിന്ന് മോതിരവുമായി അശ്വിൻ ദിയയുടെ അടുത്തേക്കെത്തുന്നതുമാണ് വിഡിയോയിൽ. മോതിരമണിഞ്ഞതിനു ശേഷം അശ്വിൻ ദിയയെ ചുംബിക്കുന്നതും വിഡിയോയിൽ കാണാം. ‘വിൽ യു മാരി മീ’ എന്നെഴുതിയ ബോർഡിന് മുന്നിൽ ഹൃദയത്തിന്റെ ആകൃതിയിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
അശ്വിനെ പോലൊരു പയ്യനെ കിട്ടിയ ദിയ ഭാഗ്യവതിയാണ്, നിങ്ങൾ പെർഫെക്ട് മാച്ച് എന്നൊക്കെയാണ് ചിത്രത്തിന് താഴെ ആരാധകർ കുറിക്കുന്നത്. ഇനി വിവാഹം എന്നാണെന്നാണ് ആരാധകർക്ക് അറിയേണ്ടത്. വിഡിയോയ്ക്ക് പിന്നാലെ ഇരുവര്‍ക്കും ആശംസകളറിയിച്ചു നിരവധി പേരാണ് എത്തുന്നത്.
നേരത്തെയും ദിയയും അശ്വിനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ദിയ ഇത് നിഷേധിച്ചിരുന്നു. ആദ്യ പ്രണയം ബ്രേക്കപ്പായതിന് ശേഷം എപ്പോഴും ദിയയുടെ വിഡിയോയിലും ചിത്രങ്ങളിലുമെല്ലാം അശ്വിനും ഒപ്പമുണ്ടായിരുന്നു. ദിയയും അശ്വിനും വിവാഹം ചെയ്യണമെന്ന് പലപ്പോഴും ആരാധകരും ഇരുവരുടെയും ഫോട്ടോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.