പീതാംബരന്‍ മാസ്റ്റര്‍ എന്‍.സി.പി അധ്യക്ഷനായി തുടരും; എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റില്ല
മുംബൈ: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരന്‍ മാസ്റ്റര്‍ തുടരും. എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നും വ്യാഴാഴ്ച മുംബൈയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രധാനമായും രണ്ട് ഫോര്‍മുലകളാണ് ഉണ്ടായിരുന്നത്. എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി സംസ്ഥാന അധ്യക്ഷ പദം നല്‍കുകയും മാണി സി കാപ്പനെ മന്ത്രിയാക്കുകയും ചെയ്യുക എന്നതായിരുന്നു ഒന്ന്. മറ്റൊന്ന് നിലവിലെ താല്‍കാലിക പ്രസിഡന്റായ ടി പി പീതാംബരന്‍ മാസ്റ്ററെ അടുത്ത ഒന്ന വര്‍ഷത്തേയ്ക്ക് അധ്യക്ഷ പദവിയില്‍ നിലനിര്‍ത്തുക എന്നതും. നേതൃയോഗത്തില്‍ രണ്ടാമത്തെ ഫോര്‍മുലയാണ് അംഗീകരിക്കപ്പെട്ടത്.
നിലവിലെ സാഹചര്യത്തില്‍ മന്ത്രിയെ മാറ്റുന്നത് പാര്‍ട്ടിയ്ക്ക് ഗുണകരമാകില്ല എന്ന വിലയിരുത്തലിലാണ് എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. എംഎല്‍എ ആയി തുടരുന്നതില്‍ തൃപ്തനാണെന്നുമുള്ള നിലപാടാണ് മാണി സി കാപ്പന്‍ യോഗത്തില്‍ വ്യക്തമാക്കിയത്.