ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹുജ, ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി ‘വ്യാജ’ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതയായത് 2023 ജൂണില്‍. കാമുകന്‍ കൂടിയ സന്ദീപിനെ കൊല്ലാന്‍ സഹായിച്ചെന്ന കേസിലാണ് ദിവ്യയെ 2016ല്‍ മുംബെെ പൊലീസ് അറസ്റ്റ് ചെയ്തത്.
2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന വെടിവെപ്പില്‍ സന്ദീപ് കൊല്ലപ്പെട്ടത്. സന്ദീപ് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് സ്വയരക്ഷയ്ക്ക് വേണ്ടി വെടിവച്ച് കൊന്നെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ നിരായുധനായിരുന്ന സന്ദീപിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
സന്ദീപ് കൊല്ലപ്പെടുമ്പോള്‍ ദിവ്യയും അതേ ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് വ്യാജ ഏറ്റുമുട്ടലിന് സഹായിച്ചെന്ന കുറ്റത്തിന് ദിവ്യയെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏഴു വര്‍ഷം ജയിലില്‍ കിടന്ന ദിവ്യയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം ലഭിച്ചത് 2023 ജൂണിലാണ്.
ജയില്‍ മോചിതയായി പുറത്തിറങ്ങിയ ദിവ്യയെ മാസങ്ങള്‍ക്ക് ശേഷം കൊന്നതിന്റെ പിന്നില്‍ സന്ദീപിന്റെ ബന്ധുക്കളാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരന്‍ ബ്രഹ്‌മ പ്രകാശും ചേര്‍ന്ന് സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമ അഭിജിത്ത് സിംഗിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ദിവ്യയുടെ കുടുംബത്തിന്റെ പരാതി.
കേസില്‍ അഭിജിത്ത് സിംഗ്, ഹോട്ടല്‍ ജീവനക്കാരായ പ്രകാശ്, ഇന്ദ്രജ് എന്നിവരെ അറസ്റ്റ് ചെയ്തതായി ഗുഡ്ഗാവ് പൊലീസ് അറിയിച്ചു. അഭിജിത്ത് ആണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ദിവ്യയുടെ മൃതദേഹം ഉപേക്ഷിക്കാന്‍ പ്രകാശിനെയും ഇന്ദ്രജിനോടും നിര്‍ദേശിക്കുകയായിരുന്നു.
ഇതിനായി 10 ലക്ഷം രൂപയാണ് ഇരുവര്‍ക്കും നല്‍കിയതെന്നും പൊലീസ് പറഞ്ഞു. ദിവ്യയുടെ മൃതദേഹം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ വിവിധ സംഘങ്ങള്‍ പഞ്ചാബിലും മറ്റ് പ്രദേശങ്ങളിലും മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്.
രണ്ടാം തീയതി പുലര്‍ച്ചെ നാലു മണിയോടെ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111-ാം നമ്പര്‍ മുറിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അന്ന് രാത്രി 10:45ന് മൂന്ന് പേര്‍ ദിവ്യയുടെ മൃതദേഹം വലിച്ചിഴക്കുന്നതും ഷീറ്റില്‍ പൊതിഞ്ഞ് ഹോട്ടലില്‍ നിന്ന് ബിഎംഡബ്ല്യു കാറിലേക്ക് കയറ്റുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് അഭിജിത്തും സംഘവും അതേ കാറില്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.