തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്നുമുതല്‍ നടക്കും. റേഷൻ കടകൾ വഴി ഇന്നുമുതല്‍ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.കിറ്റ് വിതരണത്തിൽ നേരത്തെ സർക്കാർ തെരെഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകിയിരുന്നു.
സ്പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ അനുകൂല വിധി ലഭിച്ചിരുന്നു. നീല, വെള്ള കാർഡുകാർക്ക് അനുവദിച്ച സെപ്ഷ്യൽ അരി തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്പെഷ്യൽ അരി വിതരണം എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിതരണം കമ്മീഷൻ വിലക്കിയിരുന്നത്.
അതേ സമയം അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കിലോയ്ക്ക് 15 രൂപ നിരക്കിൽ നീല, വെള്ള കാർഡുകാർക്കാണ് സ്പെഷ്യൽ അരി വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതാണെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു