കോട്ടയം:ശമ്പള പ്രശ്‌നത്തില്‍ കോട്ടയം തിരുവാര്‍പ്പില്‍ സിഐടിയുവും സ്വകാര്യ ബസുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ തീരുമാനമായി. ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
ബസുടമ രാജ്‌മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലേയും തൊഴിലാളികളുടെ ജോലി റൊട്ടേഷന്‍ വ്യവസ്ഥയില്‍ പുനഃക്രമീകരിക്കും. അതുവഴി എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണ.
ശമ്പള പ്രശ്‌നത്തില്‍ സിഐടിയു കൊടിക്കുത്തി ബസ് സര്‍വീസ് നടത്തുന്നത് തടഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കുന്നതിനായി കൊടിതോരണങ്ങള്‍ നീക്കാന്‍ ശ്രമിച്ച രാജ്‌മോഹനെ സിഐടിയു നേതാവ് മര്‍ദിച്ചിരുന്നു.
ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ രാജ്‌മോഹനെ മര്‍ദിച്ച സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍.അജയനെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. ചര്‍ച്ച അലസുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ഒഴിവാക്കി വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് സമാവായത്തിലെത്തിയത്.