കൊച്ചി: ഉമ്മൻചാണ്ടിയെ സംസ്കരിച്ച കല്ലറയിലേക്കുള്ള ജനങ്ങളുടെ സന്ദർശനം വാർത്തയാകുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനു വിശുദ്ധപദവി നൽകണമെന്ന ആവശ്യം സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾക്കു വേദിയായി ഡിസിസി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങ്. പ്രതിപക്ഷ നേതാവും വിവിധ സഭാ നേതൃത്വങ്ങളും വിശുദ്ധപദവി സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി.
അചഞ്ചലമായ ദൈവവിശ്വാസത്തിൽ അടിയുറച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഉമ്മൻചാണ്ടി കേരളത്തിന്റെ ജനമനസ്സിൽ വിശുദ്ധനാക്കപ്പെട്ടുവെന്ന വാക്കുകളോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അഭിപ്രായ പ്രകടനങ്ങൾക്കു തുടക്കമിട്ടത്. ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല. ഇക്കാര്യത്തിൽ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
ഓർത്തഡോക്സ് സഭാംഗമായിരുന്ന ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് ഓർത്തഡോക്സ് സഭാനേതൃത്വത്തിൽ നിന്നാണെന്നായിരുന്നു പിന്നീടു സംസാരിച്ച മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ. എന്നാൽ, ഓർത്തഡോക്സ് സഭ അൽമായരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ സംഭവങ്ങൾ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നു ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ വാക്കുകൾ. കാരണം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തിൽ അൽമായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും കർദിനാൾ ആലഞ്ചേരിയുടെ പരാമർശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരാകും പുതുപ്പള്ളിയിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തുന്നതെന്ന സൂചനകൾ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. ഇക്കാര്യത്തിലും പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്‍റെയും ഭാഗമായി കോട്ടയം ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്നു ചേരാൻ തീരുമാനിച്ചിരിക്കുകയാണ്.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പങ്കെടുക്കും. തിരഞ്ഞെടുപ്പിന്‍റെ പ്രധാന ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ സി ജോസഫിനും നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ടുന്ന സംഘടനാപരമായ തയാറെടുപ്പുകളെ കുറിച്ചാകും ഇന്നത്തെ യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.
സഹതാപ തരംഗത്തിനിടയിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സി പി എം. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എൽ ഡി എഫിൽ നിന്നും പുറത്തുവരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പാർട്ടി സംഘടനാ സംവിധാനത്തെ സജ്ജമാക്കുകയാണ് സി പി എം. ഇതിന്‍റെ ഭാഗമായി പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകിക്കഴിഞ്ഞു. ജെയ്ക് സി തോമസ് തന്നെ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകളോടെയാണ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നത്.
അധികം വൈകാതെ തെരഞ്ഞെടുപ്പ് നടക്കുമെന്ന വിലയിരുത്തലിലാണ് സി പി എമ്മുള്ളത്. താഴെ തട്ടുമുതൽ പാർട്ടി സംവിധാനത്തെ സജ്ജമാക്കിയാണ് മുന്നൊരുക്കങ്ങൾ. എട്ട് പഞ്ചായത്തുകളിൽ ആറിലും ഭരണം ഇടതുമുന്നണിക്കാണ്. സഹതാപ തരംഗത്തിനിടക്കും രാഷ്ട്രീയമായി അത്ര മോശമല്ല പുതുപ്പള്ളിയെന്ന പൊതു വികാരത്തിൽ ഊന്നിയാണ് സി പി എമ്മിന്‍റെ പ്രവര്‍ത്തനം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല തുടക്കത്തിലേ വീതിച്ച് നൽകിയിരിക്കുന്നത്.