NationalNews

സിനിമാ നിർമാതാവ് മോഹൻ നടരാജൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് മോഹൻ നടരാജൻ (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ സ്വവസതിയിൽ മൃതദേഹം പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് ശേഷം ചെന്നൈ തിരുവൊട്ടിയൂരിലാണ് സംസ്കാരം.

തമിഴ് സിനിമയിൽ നിരവധി സൂപ്പർഹിറ്റുകളൊരുക്കിയ നിർമാതാവാണ് മോഹൻ നടരാജൻ. വിജയ് നായകനായ കണ്ണുക്കുൾ നിലവ്, അജിത്തിന്റെ ആൾവാർ, വിക്രം നായകനായ ദൈവ തിരുമകൾ, സൂര്യയുടെ വേൽ എന്നിവ അതിൽ ചിലതാണ്. തമിഴ് സിനിമയിലെ മുതിർന്ന നിർമാതാക്കളിലൊരാളുമായിരുന്നു അദ്ദേഹം.

നിർമാണത്തിനുപുറമേ നടനായും കഴിവുതെളിയിച്ചയാളായിരുന്നു മോഹൻ. ചെയ്തതിൽ ഭൂരിഭാ​ഗവും വില്ലൻ വേഷങ്ങളാണ്. നമ്മ അണ്ണാച്ചി, സക്കരൈ തേവൻ, കോട്ടൈ വാസൽ, പുതൽവൻ, പിള്ളൈക്കാ​ഗ, പാട്ടുപാടവാ, അരൺമനൈ കാവലൻ, പദവിപ്രമാണം, മഹാനദി, പട്ടിയൽ എന്നിവയാണ് അദ്ദേഹം വേഷമിട്ട ചിത്രങ്ങൾ.

1986-ൽ പൂക്കളൈ പറിക്കാതീർകൾ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ചലച്ചിത്രമേഖലയിലേക്കുള്ള മോഹന്റെ വരവ്. ശ്രീ രാജാകാളിയമ്മൻ എന്റർപ്രൈസസിന്റെ ബാനറിലായിരുന്നു ചിത്രങ്ങൾ നിർമിച്ചിരുന്നത്. വിക്രം നായകനായ ദൈവ തിരുമകളാണ് അവസാനചിത്രം. ഇതിന്റെ സഹനിർമാതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമയിൽ നിന്നുമാറി കഴിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker