EntertainmentKeralaNews

കല്യാണത്തിന്റെ തലേന്ന് ആരും ചെയ്യാത്ത കാര്യമാണ് മീന അന്ന് ചെയ്തത്; വെളിപ്പെടുത്തി നടൻ ചേരൻ

ചെന്നൈ:മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മീന. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരാണ് താരത്തിനുള്ളത്. അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാളാണ് മീന. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മീന പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മലയാളത്തിലേയും തമിഴിയിലേയും തെലുങ്കിലേയുമെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്.

സിനിമയിലെത്തുന്ന പുതിയ നായികമാർക്കെല്ലാം മാതൃകയാക്കാവുന്ന നടിയാണ് മീന. സൂപ്പർ താരങ്ങൾ അടക്കി വാഴുന്ന സിനിമ ലോകത്ത് കഴിഞ്ഞ നാൽപത് വർഷമായി നിറഞ്ഞുനിൽക്കുകയാണ് താരം. മുൻനിര താരമായി തിളങ്ങി നിൽക്കുമ്പോൾ പോലും ചെറിയ വേഷങ്ങളിലും ഗാനരംഗങ്ങളിലും മാത്രമായി എത്താനും മീന മടി കാണിച്ചിട്ടില്ല. കൂടാതെ അഭിനയിച്ച ഭാഷകളിൽ എല്ലാം ഒരുപോലെ തിളങ്ങാനും മീനയ്ക്ക് സാധിച്ചിട്ടുണ്ട്.

meena

സിനിമയിൽ സജീവമായി നിൽക്കുമ്പോഴും അധികം വിവാദങ്ങളിൽ പെടുകയോ വിമർശനങ്ങൾ കേൾക്കുകയോ ചെയ്യാത്ത നായിക കൂടിയാണ് മീന. എല്ലാ ഇൻഡസ്ട്രിയിലെയും താരങ്ങളുമായി അടുത്ത ബന്ധവും മീനയ്ക്കുണ്ട്. അതുകൊണ്ട് തന്നെ മീന സിനിമയിൽ 40 വർഷം പൂർത്തിയാക്കിയത് തമിഴ് സിനിമാലോകം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഉള്‍പ്പടെ തമിഴ് സിനിമാ ലോകത്തെ പ്രകത്ഭര്‍ ആ ചടങ്ങിന് എത്തുകയുണ്ടായി. മീനയെ കുറിച്ച് താരങ്ങൾ വേദിയിൽ പറഞ്ഞ വാക്കുകൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചടങ്ങില്‍ വച്ച് നടനും സംവിധായകനുമായ ചേരന്‍ മീനയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

മൂന്ന് സിനിമകളില്‍ ചേരന്‍ മീനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൂടാതെ ചേരനും പത്മപ്രിയയും ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയിൽ പത്മപ്രിയയ്ക്ക് ശബ്ദം നല്‍കിയത് മീനയാണ്. അതിന് പിന്നിലെ കഥയാണ് ചേരൻ വേദിയിൽ പങ്കുവച്ചത്.

പൊക്കിഷം എന്ന സിനിമയിലാണ് ചേരനും പത്മപ്രിയയും ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിന്റെ സംവിധാനവും ചേരാൻ ആയിരുന്നു. അതില്‍ പത്മപ്രിയയുടേത് വളരെ മൃദുവായി തമിഴ് ഭാഷ സംസാരിക്കുന്ന കഥാപാത്രമാണ്. എന്നാൽ പത്മപ്രിയക്ക് തമിഴ് അത്ര നന്നായി അറിയില്ല. ഡബ്ബിങിന് വേണ്ടി തമിഴ് സിനിമയിലെ പലരെയും കൊണ്ടുവന്ന് ടെസ്റ്റ് നടത്തി. എന്നാൽ ഒന്നും ശരിയായില്ല. പെട്ടെന്നാണ് അവർ മീനയുടെ കാര്യം ഓര്‍ത്തത്.

എന്നാൽ മീന അഭിനയിക്കാത്ത ഒരു സിനിമയില്‍ നായികയ്ക്ക് ഡബ്ബ് ചെയ്യാന്‍ വരുമോ എന്ന സംശയം അവർക്കുണ്ടായിരുന്നു. അതേസമയം മീന ആയതുകൊണ്ട് എതിരൊന്നും പറയില്ലെന്ന വിശ്വാസവും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ആയിരുന്നില്ല വലിയ പ്രശ്‌നം. നാളെ കഴിഞ്ഞാല്‍ മീനയുടെ കല്യാണമാണ്. മറ്റന്നാള്‍ കല്യാണം ആയിരിക്കെ എങ്ങനെയാണ് സിനിമയ്ക്ക് ഡബ്ബ് ചെയ്യാന്‍ വിളിക്കുന്നത്. മറ്റൊരു മാർഗവുമില്ല.

meena

ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അവർ മീനയുടെ അമ്മയെ ചെന്ന് കണ്ടു. നിങ്ങളൊന്ന് മീനയെ വിളിച്ച് സംസാരിക്കൂ എന്നാണ് അമ്മ പറഞ്ഞത്. അതനുസരിച്ച് മീനയെ വിളിച്ചു, മടിച്ച് മടിച്ച് കാര്യം പറഞ്ഞു. ഏത് സിനിമയാണ്, എവിടെയാണ് വരേണ്ടത് എന്ന് മാത്രമാണ് മീന ചോദിച്ചത്. കാര്യം പറഞ്ഞു, നാളെ വരാമെന്ന് മീന സമ്മതിക്കുകയും ചെയ്തു. കല്യാണത്തിന്റെ തലേന്ന് മീന ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തി.

ഒറ്റ ദിവസം കൊണ്ട് സിനിമയിലെ മുഴുവന്‍ ഡബ്ബിങും പൂര്‍ത്തിയാക്കി മീന തിരിച്ചു പോയി. വല്ലാത്ത ബഹുമാനമാണ് മീനയോട് അന്ന് തനിക്ക് തോന്നിയതെന്ന് ചേരൻ പറയുന്നു. മീന കഥയോ കഥാപാത്രമോ സിനിമയോ അല്ല ഇഷ്ടപ്പെടുന്നത്, ആ കലയെ ആണ്. അതുകൊണ്ടാണ് മീന ഒരു സമ്പൂര്‍ണ ആർട്ടിസ്റ്റാണെന്ന് പറയുന്നതെന്നും ചേരന്‍ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button