തിരുവനന്തപുരം:അന്താരാഷ്ട്ര വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കസ്റ്റഡിയില്‍. ചോദ്യം ചെയ്യാന്‍ ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. ദുബായില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണമടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സരിത് സമ്മര്‍ദ്ദം ചെലുത്തി. കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വര്‍ണ്ണക്കടത്തില്‍ ആരോപണങ്ങളെല്ലാം യുഎഇ കോണ്‍സുലേറ്റ് നിഷേധിച്ചു. ദുബായില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ മാത്രമാണ് എത്തിക്കാനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നും കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചു. കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ പൈപ്പുകളുള്‍പ്പടെ ഒന്നും തന്നെ ദുബൈയിലക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നില്ല എന്നാണ് കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ മാത്രമാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഈ കാര്യങ്ങള്‍ക്ക് ചുമതല നല്‍കിയിരുന്നത് കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെയാണ്.
ഈ സാഹചര്യത്തിലാണ് പിആര്‍ഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാര്‍ഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോണ്‍സുലേറ്റിന് മാത്രമാണ്. അങ്ങനെയെരിക്കെ സ്വര്‍ണ്ണം ആര്‍ക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുളളത്.കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കണ്ടെത്തിയതിനാല്‍ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.