കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വധശ്രമ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തുടര്‍ച്ചയായ രണ്ടാം ദിവസം കോടതി പരിഗണിക്കുന്നു. പോലീസിന്റെ ഫോറന്‍സിക് ലാബില്‍ തനിക്ക് വിശ്വാസമില്ലെന്നും അതുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ മടിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകര്‍ ഇന്നു കോടതിയില്‍ അറിയിച്ചു.
മൊബൈല്‍ ഫോണിലെ വിവരങ്ങളില്‍ അവര്‍ കൃത്രിമത്വം കാണിക്കാന്‍ സാധ്യതയുണ്ടെന്നും തനിക്കെതിരേ തെളിവുകള്‍ വ്യാജമായി ചമയ്ക്കാന്‍ സാധ്യതയുണ്ടെന്നും ദീലിപ് ആരോപിച്ചു. ഈ കേസില്‍ താനാണ് ഇപ്പോള്‍ ഇര. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും മാധ്യമങ്ങളുടെയും ഇരയായി മാറിയിരിക്കുകയാണ് താന്‍. അവര്‍ തന്നെ വേട്ടയാടുകയാണ്.
തനിക്കു പോകാന്‍ മറ്റ് ഇടങ്ങളൊന്നുമില്ല. കോടതി മാത്രമാണ് ആശ്രയം. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുന്നതെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല. ഇങ്ങനെയൊരു ഗൂഢാലോചന കേസ് ഉണ്ടെങ്കില്‍ തന്നെ അത് അന്വേഷിക്കേണ്ടത് ലോക്കല്‍ പോലീസ് ആണ്. എന്നാല്‍, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാദിയായ കേസ് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കുന്നതു ദുരൂഹമാണെന്നും ദിലീപ് പറഞ്ഞു.
എന്നാല്‍, പ്രോസിക്യൂഷന്‍ ഇന്നും കടുത്ത നിലപാടു തന്നെ ദിലീപിനെതിരേ സ്വീകരിച്ചു. വധശ്രമ ഗൂഢാലോചന മാത്രമല്ല അതിന്റെ തുടര്‍ നീക്കങ്ങളും ദിലീപും സംഘവും നടത്തിയെന്നു ഇന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു. ദിലീപിനു കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തെളിവായ ഫോണ്‍ കൈവശം വയ്ക്കാന്‍ ദിലീപിന് അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസിന്റെ വാദം പുരോഗമിക്കുകയാണ്.