കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകളുടെ പരിശോധനാഫലം എത്തി. റിപ്പോർട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. വരുംദിവസം ഇതിന്റെ പകർപ്പ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിക്കും. കേസിൽ നിർണായക തെളിവാകുമെന്ന് ക്രൈംബ്രാഞ്ച് സംഘം കരുതുന്നതാണ് പരിശോധനാഫലം.
വാട്‌സാപ്പ് ചാറ്റുകളും ഫോൺകോൾ വിവരങ്ങളും അടക്കമുള്ള റിപ്പോർട്ടാണ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്ന് എത്തിയിരിക്കുന്നത്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ നടൻ ദിലീപിനെയും സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. ഇതിനായി നോട്ടീസ് നൽകിയിട്ടുണ്ട്.
ലഭിച്ചത് ആറ് ഫോണുകളുടെ ഫലം
ദിലീപ് ഉപയോഗിച്ച ഐ-ഫോൺ 13 പ്രൊ-ഐഫോൺ 12 പ്രൊ-മാക്സ്, വിവോ ഫോൺ, സഹോദരൻ അനൂപ് 2017-ൽ ഉപയോഗിച്ച ഹുവായ് ഫോൺ, 2020-ൽ ഉപയോഗിച്ച റെഡ്‌മി-9 ഫോൺ, സുരാജ് ഉപയോഗിച്ച ഹുവായ് ഫോൺ എന്നിവയുടെ പരിശോധനാ ഫലമാണ് ലഭിച്ചത്.
ജനുവരി 31-ന് ആണ് പ്രതികൾ അഭിഭാഷകൻ മുഖേന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഫോൺ കൈമാറിയത്. ഹൈക്കോടതിയിൽനിന്ന് ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ്‌കോടതിയിൽ എത്തിച്ചു. തുടർന്ന് ഇവ പരിശോധിക്കാൻ തിരുവനന്തപുരം ഫൊൻസിക് ലാബിലേക്ക് അയയ്ക്കുകയായിരുന്നു.
അതേസമയം, ദിലീപ് 2017 മുതൽ ഉപയോഗിച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ഐ-ഫോൺ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഐ ഫോൺ-10 ആണ് ഇത്. ഈ ഫോണിന്റെ ഉപയോഗ കാലയളവ് അടക്കം ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഫോൺ ആവശ്യപ്പെട്ടത്. എന്നാൽ, ഫോൺ ഏതാണെന്ന് വ്യക്തമല്ലെന്നാണ് ദിലീപ് കോടതിയിൽ അറിയിച്ചത്.