കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ഹര്‍ജി.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്നാണ് നടി ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതെന്ന് ദിലീപ് ആരോപിക്കുന്നു.
ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന ആരോപണം പ്രത്യേകം അന്വേഷിക്കണം എന്നാണ് നടിയുടെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഇനിയും വൈകിയേക്കും. ഇക്കാര്യമാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നാണ് നടന്റെ ആവശ്യം. വിചാരണ വൈകുന്നത് തനിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് താരം നേരത്തെ സൂചിപ്പിച്ചിരുന്നു.
ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ നടിയുടെ അഭിഭാഷകന്റെ വാദങ്ങളാണ് ഇനി നടക്കാനുള്ളത്. ഇത് കേട്ട ശേഷം വിഷയത്തില്‍ അന്വേഷണം വേണമോ എന്ന് ഹൈക്കോടതി തീരുമാനിക്കും. അതേസമയം, വിചാരണയ്ക്ക് കൂടുതല്‍ സമയം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ ആവശ്യം കണക്കിലെടുത്താണ് സുപ്രീംകോടതി ഇക്കാര്യം അംഗീകരിച്ചത്.
2024 മാര്‍ച്ച് 31 വരെയാണ് വിചാരണയ്ക്ക് സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന സമയം. നേരത്തെ പല തവണ സമയം നീട്ടി നല്‍കിയിരുന്നു. എന്നാല്‍ വിചാരണ പല കാരണങ്ങളാല്‍ വൈകി. ഇനിയും സമയം കൂടുതല്‍ അനുവദിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം ത്രിവേദിയും കൂടുതല്‍ സമയം അനുവദിക്കുകയാണ് ചെയ്തത്.
2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള രാത്രി യാത്രയ്ക്കിടെ നടി കാറില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളാണ് ആദ്യം കേസില്‍ അറസ്റ്റിലായത്. പിന്നീട് ദിലീപിന് സംഭവത്തില്‍ പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നു. മൂന്ന് മാസം ദിലീപ് സബ് ജയിലില്‍ കഴിയുകയും ചെയ്തു. പള്‍സര്‍ സുനി എന്ന പ്രതി മാത്രമാണ് നിലവില്‍ ജയിലില്‍ കഴിയുന്നത്.