കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിക്കെതിരെ കക്ഷി ചേരാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി അതിജീവിത. തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് അതിജീവിത അപേക്ഷയില്‍ പറഞ്ഞു. കേസില്‍ തന്നെ മൂന്നാം എതിര്‍കക്ഷിയാക്കണം. തന്നെ കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാക്കുമെന്നും അപേക്ഷയില്‍ പറയുന്നു.
കേസിലെ പരാതിക്കാരിയാണ് താന്‍. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. പല കേസുകളിലും സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ നിയമപരമായി പ്രതിയുടെ ഹരജി നിലനില്‍ക്കില്ലെന്നും അപേക്ഷയില്‍ അതിജീവിത പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. പരാതിക്കാരനായി ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നും ഹരജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവെക്കാനാണ് തുടരന്വേഷണമെന്നാണ് ദിലീപിന്റെ ആരോപണം. ഇതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ആരോപിക്കുന്നു. വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് നല്‍കിയ ഹരജിയില്‍ പറയുന്നു. ഇതിനെതിരെ അതിജീവിത രംഗത്തെത്തുകയായിരുന്നു. കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയെ എതിര്‍ത്ത് കക്ഷി ചേരാനാവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വധഗൂഢാലോചന കേസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കമാണെന്നാണ് ദിലീപ് പറഞ്ഞത്.