ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ (Dheeraj murder case) മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം. ഇടുക്കി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 10ന് ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർഥിയായ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലി കുത്തിക്കൊന്നത്. മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖിൽ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ രണ്ടാം തിയതി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആകെ എട്ടു പ്രതികളാണുള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു.
കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നതാണ്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. നിഖിലിനെ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ജനുവരി പത്തിനാണ് കോളേജ് തിരഞ്ഞെടുപ്പിനിടയിലുണ്ടായ തർക്കത്തിനിടെ ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലച്ചെയ്യപ്പെടുന്നത്. കേസിൽ പിടിയിലായ ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെയുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു.
മാർച്ച് 19 നായിരുന്നു ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെയുള്ള രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകനാണ് ഹാജരായത്. കേസിൽ ഉൾപ്പെട്ട ഏഴാം പ്രതി ജസിൻ ജോയി, എട്ടാം പ്രതി അലൻ ബോബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നായിരുന്നു എഫ് ഐ ആറിലുണ്ടായിരുന്നത്. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാർ മർദ്ദിച്ചപ്പോഴാണ് കുത്തിയതെന്നും പേന കത്തി കരുതിയത് സ്വയ രക്ഷയ്ക്ക് ആണെന്നുമായിരുന്നു പ്രതി നൽകിയ മൊഴി. ക്യാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിൻ പൊലീസിനോട് പറഞ്ഞത്.