മലയാളത്തിലെ പ്രിയ താരമാണ് ധര്‍മ്മജന്‍ ബോൾഗാട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് കേരളത്തിൽ. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടുകൾ പങ്കുവച്ചിരിക്കുകയാണ് താരം. ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പോയത് ഒരു നല്ല തീരുമാനമായല്ല തനിക്ക് തോന്നുന്നതെന്നു ധർമ്മജൻ പറയുന്നു.
”ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പോയത് ഒരു നല്ല തീരുമാനമല്ല. അത് കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണ്. മാണി സാര്‍ കോണ്‍ഗ്രസിനോട് അത്രയും ഇഴുകിച്ചേര്‍ന്ന നേതാവാണ്. മാണിസാറിനെ ഏറ്റവും കുരിശില്‍ തറച്ച, ബാര്‍ കോഴ കേസില്‍ മാണി സാറിന് മണിയോര്‍ഡര്‍ അയച്ചുകൊടുത്ത പാര്‍ട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേര്‍ന്നിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും എന്ന് തന്നെയാണ് എന്റെ വിചാരം.
കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും ഇഷ്ടം ഇ കെ നയനാരെ ആയിരുന്നു. ധാരാളം നേതാക്കള്‍ വേറെയുണ്ട്. തോമസ് ഐസക്, എം എ ബേബി, പി രാജീവ്, ശ്രീമതി ടീച്ചര്‍. ഷൈലജ ടീച്ചറെ വലിയ ബഹുമാനമാണ്.” താരം പറഞ്ഞു.
” ഏത് പാര്‍ട്ടി വിളിച്ചാലും ഇലക്ഷന്‍ പ്രചരണത്തിന് പോകുന്നയാളല്ല. അങ്ങനെ കുറേ പേര്‍ സമീപിച്ചു. പ്രചരണത്തിന് വരണമെന്നില്ല, ബൈറ്റ് എങ്കിലും തന്നാല്‍ മതിയെന്ന് പറഞ്ഞു. എന്റെ വളരെയടുത്ത സുഹൃത്ത് രണ്ട് പാര്‍ട്ടിയില്‍ നിന്നും മാറി സ്വതന്ത്ര്യനായി നില്‍ക്കാന്‍ തീരുമാനിച്ചിട്ട് എന്നോട് ബൈറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ തരില്ലാ എന്ന് പറഞ്ഞു. വ്യക്തമായ രാഷ്ട്രീയമുള്ളയാളാണ് ഞാന്‍. അപ്പോളെനിക്ക് സ്വതന്ത്രന് വേണ്ടി അത് കൊടുക്കാന്‍ കഴിയില്ല. വളരെ വേണ്ടപ്പെട്ട സുഹൃത്തായിരുന്നിട്ട് പോലും. എന്ത് സുഹൃത്താണെങ്കിലും ഞാന്‍ എന്റേതായ നിലപാട് മാറ്റില്ല. മുന്‍പും പറഞ്ഞിട്ടുണ്ട്. ഞാന്‍ അന്നും ഇന്നും എന്നും ഒരു കോണ്‍ഗ്രസുകാരനാണ് എന്നുള്ളത്.” ധർമജൻ അഭിമുഖത്തിൽ വ്യക്തമാക്കി