തൃശ്ശൂർ: വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടി മുങ്ങിയ ധന്യമോഹന്‍ ഓണ്‍ലൈന്‍ റമ്മിക്ക് അടിമ.വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി. രണ്ടുകോടിവരെ റമ്മികളിച്ചത് സംബന്ധിച്ച ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലിലെ ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കിയിട്ടില്ല. അടുത്തിടെ വന്‍ വിലയ്ക്ക് പ്രോപ്പര്‍ട്ടി വാങ്ങാന്‍ ശ്രമിച്ചതായും കണ്ടെത്തി.
അഞ്ചുവർഷമായി വിവിധ വ്യാജ അക്കൊണ്ടുകളിലേക്ക് വായ്പയായാണ് ധന്യ മോഹൻ പണം മാറ്റിയത്. 18 വർഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ധന്യ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു. ഡിജിറ്റൽ പേർസണൽ ലോൺ എന്നപേരിൽ കുടുംബങ്ങളുടെ അക്കൊണ്ടുകളിലേക്കായിരുന്നു ധന്യ പണം മാറ്റിയിരുന്നത്. സംഭവത്തിൽ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രത്യേക അന്വേഷണസംഘമാകും കേസ് അന്വേഷിക്കുക. ഓഡിറ്റിൽ തട്ടിപ്പ് കണ്ടെത്തിയതോടെ യുവതി ഒളിവിൽ പോവുകയായിരുന്നു. ബന്ധുക്കളുടെ അടക്കം അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ യുവതിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ജൂലായ് 23-ന് സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അന്ന് 80 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു കണ്ടെത്തിയത്.പരിശോധന സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ധന്യ, പിടിയിലാവുമെന്ന് മനസ്സിലായതോടെ ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നുവെന്ന് സ്ഥാപനത്തിന്റെ ആപ്ലിക്കേഷൻ ഹെഡ് സുശീൽ നൽകിയ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. 19.94 കോടി രൂപയുടെ ഞെട്ടിക്കുന്ന തിരിമറിയാണ് നടന്നത് എന്ന് ഇതിൽ ബോധ്യമായി. 2024 ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ ട്രാസ്ഫർ ചെയ്തത്. രണ്ടുഘട്ടമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെങ്കിലും ഒറ്റ എഫ്.ഐ.ആർ ഇട്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഐപിസി 406, 420 വകുപ്പുകളും ഇവർക്കെതിരെ ചുമത്തി.