മുംബൈ: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിംഗ് വിസ്‌ഫോടനത്തിന് മുന്നിൽ മറുപടിയില്ലാതെ രാജസ്ഥാൻ റോയൽസ്. 178 റൺസ് വിജയലക്ഷ്യം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു. നായകൻ വിരാട് കോഹ്‌ലി ദേവ്ദത്തിന് ഉറച്ച പിന്തുണ നൽകി. 21 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ബാംഗ്ലൂര്‍ വിജയലക്ഷ്യം മറികടന്നത്.
52 പന്തിൽ 11 ബൗണ്ടറികളും 6 സിക്‌സറുകളും സഹിതം 101 റൺസാണ് ദേവ്ദത്ത് അടിച്ചുകൂട്ടിയത്. രാജസ്ഥാൻ ബൗളിംഗ് നിരയിലെ എല്ലാവരും ദേവ്ദത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. കോഹ്‌ലിയും ഫോമിലേയ്ക്ക് ഉയർന്നതോടെ ബാംഗ്ലൂർ വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം മുന്നേറി. 47 പന്തുകൾ നേരിട്ട കോഹ്‌ലി 6 ബൗണ്ടറികളുടെയും 3 സിക്‌സറുകളുടെയും അകമ്പടിയോടെ 72 റൺസ് നേടി. രാജസ്ഥാൻ ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല.
തുടർച്ചയായ നാലാം ജയത്തോടെ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 4 കളികളിൽ 3 ജയവും ഒരു സമനിലയുമായി ചെന്നൈ സൂപ്പർ കിംഗ്‌സാണ് രണ്ടാം സ്ഥാനത്ത്. 4 കളികളിൽ 3 എണ്ണത്തിലും തോൽവി ഏറ്റുവാങ്ങിയതോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.