KeralaNews

സാമ്പത്തിക പ്രതിസന്ധിയിൽ ശബരിമല; ദേവസ്വം ജീവനക്കാർക്ക് ശമ്പളം മുടങ്ങിയേക്കും

ശബരിമല: ശബരിമലയിൽ സാമ്പത്തിക പ്രതിസന്ധി. വരുമാനം കുറഞ്ഞതോടെ ദേവസ്വം ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളം മുടങ്ങാന്‍ സാധ്യത. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 75 ശതമാനത്തോളം ശമ്പള-പെന്‍ഷന്‍ ഇനങ്ങളിലായാണ്‌ നല്‍കുന്നത്‌. ശേഷിച്ച പണം ഉപയോഗിച്ചാണ്‌ ക്ഷേത്രത്തിലെ നിത്യച്ചെലവുള്‍പ്പെടെ നടത്തുന്നത്‌.

എന്നാൽ മണ്ഡല – മകരവിളക്ക്‌ കാലത്തെ ചെലവ്‌ കഴിഞ്ഞുള്ള തുക ഓരോ മാസത്തെ ശമ്പളത്തിനും പെന്‍ഷനും വേര്‍തിരിച്ച്‌ ബാങ്കില്‍ സ്‌ഥിരനിക്ഷേപമിടുകയാണ്‌ പതിവ്‌. 2019ലെ വരുമാനത്തില്‍നിന്ന്‌ ഈ നവംബര്‍ വരെ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇത്തവണ കോവിഡ്‌ പശ്‌ചാത്തലത്തില്‍ തീര്‍ഥാടകര്‍ കുറഞ്ഞതോടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതാണ്‌ ശമ്പള-പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്‌. അയ്യായിരത്തോളം ജീവനക്കാരുള്ള ദേവസ്വം ബോര്‍ഡിന്‌, ശമ്പളത്തിന്‌ 30 കോടിയും പെന്‍ഷന്‌ 10 കോടിയും വേണം. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ടാണ്‌ ചെലവുകള്‍ നടക്കുന്നത്‌.

അതേസമയം കഴിഞ്ഞ വൃശ്‌ചികം ഒന്നിന്‌ നാലുകോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇതേദിവസം 10 ലക്ഷം മാത്രമാണ്‌ ലഭിച്ചത്‌. കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ 260 കോടിയായിരുന്നു വരുമാനം. ഒരു തീര്‍ഥാടനകാലം പൂര്‍ത്തിയാകുമ്പോള്‍ 60 കോടി രൂപയാണ്‌ ബോര്‍ഡിന്‌ ചെലവാകുന്നത്‌. കൂടാതെ വിവിധ ക്ഷേത്രങ്ങളിലെ അത്യാവശ്യ അറ്റകുറ്റപ്പണിക്കുള്ള ചെലവിനും പണം കണ്ടെത്തേണ്ടതുണ്ട്‌. കോവിഡ്‌ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 150 കോടി രൂപ അനുവദിക്കണമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ സഹായം ലഭിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും മുടങ്ങാനാണ്‌ സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button