കൊച്ചി:മലയാളികളുടെ നൊസ്റ്റാൾജിയയുടെ ഉലയിൽ നിന്നും കാലം വീണ്ടും ഊതികാച്ചിയെടുത്ത പാട്ടാണ് കാതോട് കാതോരത്തിലെ ‘ദേവദൂതർ പാടി’ എന്ന മാന്ത്രിക ഈണം. 37 വർഷങ്ങൾക്കു മുൻപ് ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി ഈ പാട്ട് ചിട്ടപ്പെടുത്തിയത് ഔസേപ്പച്ചനാണ്. ഒഎൻവി കുറുപ്പിന്റേതായിരുന്നു വരികൾ. അർത്ഥസമ്പന്നമായ വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ടപ്പോൾ അദ്ദേഹത്തിന്റെ തന്നെ പാട്ടുകളിലെ എക്കാലത്തെയും മാജിക്കൽ കോമ്പസിഷൻ എന്നു വിളിക്കാവുന്ന ഒരു പാട്ടായി ദേവദൂതർ മാറി.
ശുദ്ധധന്യാസി, ജോഗ് രാഗങ്ങളുടെ ലയനമാണ് ഈ പാട്ടിൽ കാണാനാവുക. മെലഡിയുടെയും ഫാസ്റ്റ് നമ്പറിന്റെയും ഫീൽ ഒരുപോലെ സമ്മാനിക്കുന്ന പാട്ട്. ചിത്രത്തിൽ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം കാണിക്കുന്നതെന്നതിനാൽ ഭക്തിസാന്ദ്രമായൊരു വശവും ഈ പാട്ടിനുണ്ട്. കെ.ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക എന്നിവർ ചേർന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചത്.
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന എന്തോ ഒരു മാജിക് ഈ പാട്ടിൽ ഒളിച്ചിരിപ്പുണ്ട്. അതുകൊണ്ടാവാം ഒരു തലമുറ ഉത്സവപറമ്പുകളിലും ഗാനമേളകളിലും ഈ പാട്ട് പാടി നടന്നത്. മൂന്നര പതിറ്റാണ്ടിനിപ്പുറം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആ പാട്ടൊന്നു കേൾപ്പിക്കേണ്ട താമസം വിസ്മൃതിയുടെ പതിറ്റാണ്ടുകളെ അനായേസേന വകഞ്ഞുമാറ്റി ദേവദൂതർ വീണ്ടും കേൾവിയിൽ സ്വരരാഗമഴയായി പെയ്തിറങ്ങുകയാണ്. ജനറേഷൻ ഗ്യാപ്പോ മാറിയ സംഗീത അഭിരുചികളോ ഒന്നും ‘ദേവദൂതറി’ന്റെ മാജിക്കൽ ഈണത്തിനു മുന്നിൽ തടസ്സമാവുന്നില്ല.
പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിൽക്കാലത്ത് ലോകപ്രശസ്തരായ സംഗീതജ്ഞരായി മാറി. പാട്ടിനായി ഡ്രംസ് വായിച്ചത് ശിവമണി ആണ്. ഗിറ്റാറിൽ ഈണമൊരുക്കിയത് പ്രഗത്ഭനായ ജോൺ ആന്റണി. അന്ന് ദിലീപ് എന്ന് അറിയപ്പെട്ടിരുന്ന എ.ആർ.റഹ്മാൻ ആണ് പാട്ടിനായി കീബോർഡ് വായിച്ചത്.
ദേവദൂതർ എന്ന പാട്ടിന് 37 വർഷത്തെ പഴക്കമാണ് ഉള്ളതെങ്കിൽ ആ ഈണത്തിന് അതിലുമേറെ പഴക്കമുണ്ടെന്നാണ് ഔസേപ്പച്ചൻ പറയുന്നത്. “37 വർഷത്തിനു മുൻപ് ചെയ്ത പാട്ടാണ് ദേവദൂതർ പാടി. പക്ഷേ ഈ പാട്ട് എന്റെ മനസ്സിൽ രൂപപ്പെട്ടിട്ട് അൻപത് കൊല്ലം ആയിട്ടുണ്ടാകും. എന്റെ കൗമാരകാലത്ത് ഞാൻ സ്വന്തമായി കംപോസ് ചെയ്ത് വയലിനിൽ വായിച്ച ബിറ്റ് ആണത്. അമേരിക്കൻ ഫോക്ക് ശൈലിയിലുള്ള ആ ബിറ്റ് വായിക്കുന്നത് എനിക്കൊരു രസമായിരുന്നു,” ഔസേപ്പച്ചന്റെ വാക്കുകൾ ഇങ്ങനെ.
മമ്മൂട്ടിയും സരിതയും നെടുമുടി വേണുവുമായിരുന്നു കാതോട് കാതോരത്തിലെ ആ ഗാനരംഗത്തിൽ നിറഞ്ഞുനിന്നത്. വേദിയിൽ മമ്മൂട്ടിയും സരിതയും ഗായകസംഘവും ചേർന്ന് പാടുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
പാട്ടിന്റെ വരികൾ
ചിത്രം: കാതോട് കാതോരം
സംഗീതം: ഔസേപ്പച്ചൻ
വരികൾ: ഒ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക
രാഗം: ശുദ്ധധന്യാസി, ജോഗ്
വരികൾ:
ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
(ദേവദൂതർ…)
ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ…
വന്നു നിന്റെ വീണയിൽ
നിൻ പാണികളിൽ തൊട്ടു
ആടുമേയ്ക്കാൻ കൂടെ വരാം
പൈക്കളുമായ് പാടി വരാം
കാതിലാരോ ചൊല്ലി
(ദേവദൂതർ…)
ആയിരം വർണ്ണങ്ങൾ കൂടെ
വന്നു
അഴകാർന്നോരാടകൾ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നൂ…
ആകാശം പൂത്തു
ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ
കല്യാണം
(ദേവദൂതർ…)
പൊന്നുംനൂലിൽ പൂത്താലിയും കോർത്തു
തന്നു
കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു
കല്യാണപ്പൂപ്പന്തൽ
സ്വർഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റിൽ കുരുത്തോല കലപില പാടും
താഴത്തോ
ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം
(ദേവദൂതർ…)
പുതിയ പാട്ടു കണ്ടു പഴയത് തപ്പി വന്നവർ
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഈ ഗാനരംഗം വൈറലായതോടെ ഒർജിനൽ ‘ദേവദൂതർ പാടി’ യൂട്യൂബിലെത്തിയവരും കുറവല്ല. ചാക്കോച്ചന്റെ പാട്ടും ഡാൻസും കണ്ട് വീണ്ടും കാണാനെത്തിയവരുടെ കമന്റുകളാണ് പാട്ടിനു താഴെ നിറയുന്നത്.
പാട്ടിന്റെ പേരില്‍ താന്‍ കേസ് കൊടുക്കില്ലെന്നും സത്യത്തില്‍ ലാഭം കിട്ടിയത് തനിക്കാണെന്നും പറയുകയാണ്ഔസേപ്പച്ചന്.
‘എന്തായാലും പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാന്‍ ഞാന്‍ ഇല്ല. പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്. 1985ലാണ് പാട്ട് റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. അന്ന് പില്ക്കാലത്ത് ലെജന്‍സായി മാറിയ ഒരുപാട് സംഗീതജ്ഞര്‍ അതിന്റെ പുറകില്‍ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അന്ന് ഞങ്ങള്‍ അത് എ.വി.എമില്‍ വച്ച് റെക്കോര്‍ഡ് ചെയ്യുന്നത് 50ഓളം ഓര്‍ക്കസ്ട്ര വച്ചിട്ടാണ്.
റെക്കോഡ് ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ പാട്ട് എല്ലാവര്ക്കും ഇഷ്ടമായി. ദാസേട്ടനാണ് പാട്ട് പാടിയിരിക്കുന്നത്. അതുകഴിഞ്ഞു ഷൂട്ട് ഒക്കെ കഴിഞ്ഞതിന് ശേഷം ഭരതേട്ടന് എന്നെ വിളിച്ചിട്ട് പറഞ്ഞു നമുക്ക് ഒരിക്കല്‍ കൂടി ആ പാട്ട് റെക്കോര്‍ഡ് ചെയ്യണമെന്ന്. അദ്ദേഹത്തിന്റെ സിനിമക്ക് അനുസരിച്ചുള്ള പാട്ടിന് വേണ്ടി അത് മാറ്റി ചിന്തിച്ചതായിരിക്കാം, നമുക്കറിയില്ലല്ലോ.
ഭരതേട്ടന്റെ അപാരമായ കഥപറച്ചിലിലൂടെ ആ പാട്ട് ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറി. ഈ പാട്ട് ഹിറ്റായി. പക്ഷെ ഇന്നിപ്പോള്‍ ആ പാട്ട് ഒരു ഗാനമേള മൂഡില്‍ ഒന്നും തന്നെ മാറ്റാതെ വളരെ വൃത്തിയായി ഒരു നോട്ടും തെറ്റാതെ ചെയ്തിട്ടുണ്ട്. ബിജു നാരായണന് നന്നായി പാടി,’ ഔസേപ്പച്ചന് പറഞ്ഞു.
‘ഡാന്‍സ് എന്തുമായിക്കൊള്ളട്ടെ, ഉത്സവപ്പറമ്പില്‍ ആഘോഷിക്കാന്‍ വന്ന ഒരു വ്യക്തി തന്റെ മനസിലെ താളവും ഭാവവും വച്ച് അതില്‍ ആസ്വദിച്ച് ഡാന്‍സ് ചെയ്തു. നന്നായി ഡാന്‍സ് ചെയ്യുന്നവര്‍ക്ക് ചാക്കോച്ചന് ചെയ്യുന്നത് പോലെ ചെയ്യാന്‍ പറ്റില്ല. നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരു താളബോധമുണ്ട്. എന്നാല്‍ കുടിച്ചുകഴിയുമ്പോള്‍ ഈ താളം വളരെ പതിയെ ആകും. അത് ശരീര ഭാഷയില്‍ ചാക്കോച്ചന് ഗംഭീരമായി ചെയ്തു. പാട്ട് വളരെ സത്യസന്ധമായാണ് ചെയ്തിരിക്കുന്നത്.
നമ്മള് ഏതൊരു സാധനം പുറത്തേക്കിറക്കുമ്പോള്‍ പ്രോഡക്റ്റ് നന്നായിട്ട് കാര്യമില്ല. ഒരു പ്രോഡക്റ്റ് ഉണ്ടാക്കാന്‍ ഒരു കോടി രൂപ ചെലവാകുമെങ്കില്‍ അതിന്റെ പ്രമോഷന് 10 കോടി ചെലവാക്കേണ്ടി വരും. അത് പോലെയാണ് പാട്ടില്‍ ചാക്കോച്ചന്റെ ഡാന്‍സ് വന്നു കൂടുതല്‍ അറിയപ്പെട്ടത്. അറിയാതെയാണെങ്കിലും പിന്നീടറിഞ്ഞാണെങ്കിലും സത്യത്തില്‍ ലാഭം കിട്ടിയത് എനിക്കാ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.