ദേശാഭിമാനി ബ്യൂറോ ഉദ്ഘാടനത്തില്‍ നിന്ന് നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒയുടെ പേര് വെട്ടി
കോയമ്പത്തൂര്‍: നെഹ്റു ഗ്രൂപ്പ് സി.ഇ.ഒയും സെക്രട്ടറിയുമായ പി കൃഷ്ണകുമാറിനെ ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കി. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള മാനേജ്മെന്റിന് പാര്‍ട്ടി പത്രം വേദിയൊരുക്കുന്നുവെന്ന വാര്‍ത്ത വിവാദമായതോടെ ക്ഷണിക്കപ്പെട്ട കൃഷ്ണകുമാറിന്റെ പേര് ദേശാഭിമാനി വെട്ടിയത്. നെഹ്റു ഗ്രൂപ്പ് സിഇഒ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പത്രത്തിന്റെ ജനറല്‍ മാനേജരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ ജെ തോമസ് അറിയിച്ചു.
പി കൃഷ്ണകുമാര്‍ എന്നൊരാള്‍ ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നും ഒഴിവാക്കിയതാണോയെന്ന് അറിയില്ലെന്നും കെ ജെ തോമസ് പ്രതികരിച്ചു. നോട്ടീസില്‍ പേരുണ്ടായിരുന്നോ? എന്തുകൊണ്ടാണ് ഒഴിവാക്കിയത് തുടങ്ങിയ കാര്യങ്ങള്‍ കോയമ്പത്തൂര്‍ ബ്യൂറോയില്‍ ചോദിച്ചാലേ അറിയൂ എന്നും ചടങ്ങില്‍ അദ്ധ്യക്ഷ പദവി വഹിക്കുന്ന കെ ജെ തോമസ് കൂട്ടിച്ചേര്‍ത്തു.
പി കൃഷ്ണകുമാറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയിലും ദേശാഭിമാനിയിലും കല്ലുകടി ഉണ്ടായിരിന്നു. ജൂലൈ 14നാണ് ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങ്. പി കൃഷ്ണകുമാറിനെ ക്ഷണിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പ്രതികരണം.