29.1 C
Kottayam
Saturday, May 4, 2024

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം; ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്  ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു.


ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

ഏപ്രിൽ നാലിനാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റൽ തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ പ്രതിയുമായി.

ഇക്കാര്യങ്ങൾ ഉയർത്തിയായിരുന്നു ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത വധഗൂഢാലോചന കേസിന്‍റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ. 

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി, ജഡ്ജ്  ഹണി എം.വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം.വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു.

കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയായ ഹണി എം.വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week