കോട്ടയം:അതിരമ്പുഴ പള്ളിപ്പെരുന്നാളിനും ഏറ്റുമാനൂർ ആറാട്ടിനും മാത്രമല്ല വഞ്ചിനാടിന് ഏറ്റുമാനൂർ ആവശ്യക്കാർ ഉള്ളത്. പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് ട്രെയിനുകളൊന്നുമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ. സ്റ്റേഷൻ പൂർണ്ണമായും നീണ്ടൂർ-അതിരമ്പുഴ റോഡിന് മദ്ധ്യേ മാറ്റി സ്ഥാപിച്ചതടക്കം വലിയ വികസനക്കുതിപ്പ് ഏറ്റുമാനൂരിൽ ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് നേടാൻ കഴിയാത്തതിനാൽയാത്രാക്ലേശത്തിന് തെല്ലും പരിഹാരമായിട്ടില്ല.
സ്റ്റേഷൻ നവീകരണവേളയിൽ പ്ലാറ്റ്ഫോം പൊളിച്ചിട്ടപ്പോൾ പ്രഖ്യാപിച്ച പാലരുവിയ്‌ക്ക് പോലും സ്റ്റോപ്പ് നേടിയെടുക്കാൻ അഞ്ചുവർഷം കാത്തിരിക്കേണ്ടി വന്നു. വഞ്ചിനാടിനുവേണ്ടിയുള്ള ആവശ്യം അപ്പോഴും തഴയപ്പെടുകയായിരുന്നു.
ഏറ്റുമാനൂരിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി രൂപീകരിച്ച ജനകീയ വികസന സമിതി പ്രഥമ പരിഗണന നൽകി അവതരിപ്പിച്ച പ്രേമേയങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ സ്റ്റേഷനിലെ വഞ്ചിനാട് എക്സ്പ്രസ്സിൻറെ സ്റ്റോപ്പ്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെചുറ്റിപ്പറ്റിയുള്ള അഞ്ചുപഞ്ചായത്തിലേയും ഏറ്റുമാനൂർ നഗരസഭയുടെയും ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ജനകീയ വികസനസമിതിയുടെ പ്രമേയയങ്ങൾ പാസ്സാക്കിയത്.
ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അജാസ് വടക്കേടം പ്രേമേയം അവതരിപ്പിച്ചു. തുടർനടപടികൾ പിന്തുടരുന്നതിന് എക്സിക്യൂട്ടീവ് അംഗം രാജു സെബാസ്റ്റ്യനെ ഏൽപ്പിച്ചു. വഞ്ചിനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് നേടിയെടുക്കുന്നതിന് ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ശ്രീജിത്ത് കുമാർ, ഷിനു എം.എസ് എന്നിവർ അറിയിച്ചു..
ദിനംപ്രതി ആയിരത്തിലധികം യാത്രക്കാർ ആശ്രയിക്കുന്ന കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് ഏറ്റുമാനൂർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ഇരിപ്പിടങ്ങളും കാത്തിരിപ്പ് കേന്ദ്രവും പാർക്കിംഗ് സൗകര്യങ്ങളുമടക്കം വലിയ വികസനപ്രവർത്തനങ്ങൾ ഇപ്പോൾ ഏറ്റുമാനൂരിൽ നടന്നുവരികയാണ് . ഇരുവശത്തുമുള്ള പ്രധാന റോഡുകളിൽ നിന്നും സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നുണ്ട്.
ഇരുദിശകളിലുമായി 19 ട്രെയിനുകൾക്ക് ഇപ്പോൾ ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ട് . പാലരുവിയ്ക്ക് സ്റ്റോപ്പ് ലഭിക്കുന്നതിന് മുമ്പ് വരെയുള്ള കണക്കുകൾ പ്രകാരം 696 പ്രതിദിന യാത്രക്കാർ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രചെയ്യുന്നുണ്ട്. 8428049 രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ടിക്കറ്റേതരയിനത്തിൽ ഏറ്റുമാനൂർ സ്റ്റേഷന് ലഭിച്ചിട്ടുള്ളത്.
കോട്ടയം 🔄എറണാകുളം, ഏറ്റുമാനൂർ🔄 എറണാകുളം ഒരേ നിരക്ക് ആയതുകൊണ്ടുതന്നെ സീസൺ ടിക്കറ്റുകൾ അധികവും ഏറ്റുമാനൂരിൻറെ കണക്കിൽ വന്നിട്ടില്ലായെന്നതും വസ്തുതാപരമാണ്. അതുപോലെ എം ജി യൂണിവേഴ്‌സിറ്റിയുടെ രണ്ട് ബസുകൾ രാവിലെയും വൈകുന്നേരവും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി റെയിൽവേ സ്റ്റേഷനിൽ നിന്നും തിരിച്ചും സർവീസ് നടത്തുന്നുണ്ട്.
ഏറ്റുമാനൂർ സ്റ്റേഷനിൽ ഇത്രയുമധികം സൗകര്യങ്ങൾ ഒരുങ്ങുമ്പോൾ അതിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കേണ്ടത് അനിവാര്യമാണ്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് രാവിലെ ഒരു ട്രെയിൻ പോലും ഇല്ലാത്തത് സ്റ്റേഷനെ ആശ്രയിക്കുന്നവർ നേരിടുന്ന വലിയ ഒരു പ്രതിസന്ധിയാണ്. തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ ട്രെയിൻ ഉച്ചകഴിഞ്ഞ് 03.12 ന് എത്തിച്ചേരുന്ന പരശുറാം എക്സ്പ്രസ്സാണ്.
രാവിലെ ഒൻപതുമണിവരെ നിരവധി ട്രെയിനുകൾ ഏറ്റുമാനൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ട്. മലബാർ, ഐലൻഡ് എക്സ്പ്രസ്സുകളെ ആശ്രയിക്കുന്ന നിരവധിയാത്രക്കാർ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുണ്ട്. എന്നിരുന്നാലും മടക്കയാത്രയും കൂടി പരിഗണിച്ചാൽ സംസ്ഥാനത്തിനകത്ത് മാത്രം സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചാൽ ഏറ്റുമാനൂരിന്റെ വികസനങ്ങൾക്ക് പൂർണ്ണത കൈവരുന്നതാണ്.
തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഓഫീസ്, ആശുപത്രി ആവശ്യങ്ങൾക്കായി ദിവസവും നിരവധിയാളുകൾ ഏറ്റുമാനൂർ സ്റ്റേഷനെ കടന്ന് കോട്ടയത്തെത്തി വഞ്ചിനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നുണ്ട്. RCC പോലുള്ള റിജിയണൽ ഹോസ്പിറ്റലുകളിൽ അഭയം തേടുന്ന നിരവധി രോഗികളുണ്ട്. പാലാ, ഈരാറ്റുപേട്ട, പേരൂർ, നീണ്ടൂർ, ആർപ്പുക്കര, മാന്നാനം, കിടങ്ങൂർ, അയർകുന്നം, വയല, കല്ലറ, കുറവിലങ്ങാട് എന്നിവിടങ്ങളിൽ നിന്ന് ഏറ്റുമാനൂർ സ്റ്റേഷനിലേയ്ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരുന്നതിന് സാധിക്കും. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയുടെ കവാടമാണ് ഏറ്റുമാനൂർ. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരി സ്റ്റേഷന് ലഭിക്കുന്ന തുല്യ പരിഗണന ഏറ്റുമാനൂരിനും ലഭിക്കേണ്ടതാണ്.
ഐലൻഡ് പ്ലാറ്റ് ഫോം ആയതുകൊണ്ട് തന്നെ ഏറ്റുമാനൂരിൽ ട്രെയിൻ നിർത്തിയെടുക്കുന്നത് കൊണ്ടുള്ള സമയനഷ്ടം ഉണ്ടാകുന്നില്ല. എറണാകുളം ജംഗ്ഷൻ മുതൽ കായംകുളം വരെ വഞ്ചിനാട് എക്സ്പ്രസ്സ് പല സ്റ്റേഷനുകളിലും ഷെഡ്യൂൾ സമയത്തിനും മുമ്പേ എത്തിച്ചേരുന്നുണ്ട്. കായംകുളത്തിന് ശേഷം തിരുവനന്തപുരം ഇന്റർസിറ്റി കടന്നുപോകുന്നതിന് വേണ്ടി 10 മിനിറ്റിലധികം ദിവസവും പിടിച്ചിടുന്നുണ്ട്.
എന്നാൽ ഈ സമയം ഏറ്റുമാനൂരിൽ ഒരു മിനിറ്റ് സ്റ്റോപ്പ് പരിഗണിച്ചാൽ നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതും ഒപ്പം റെയിൽവേയ്‌ക്ക് ടിക്കറ്റ് വരുമാനത്തിൽ തന്നെ നല്ല നേട്ടമുണ്ടാകുന്നതുമാണ്. തിരുവനന്തപുരം സെൻട്രലിലെ പ്ലാറ്റ് ഫോം അപര്യാപ്തമൂലം മാത്രമാണ് വഞ്ചിനാട് സ്ഥിരമായി വൈകുന്നത്. ഈ കാരണം കൊണ്ട് കേരളത്തിന് അകത്ത് മാത്രം സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് പോലും ഏറ്റുമാനൂരിൽ സ്റ്റോപ്പ് പരിഗണിക്കാത്തത് ഖേദകരമാണ്.
ഏറ്റുമാനൂരിൽ ആധുനിക രീതിയിൽ പൂർത്തിയാക്കിയ ഐലൻഡ് പ്ലാറ്റ് ഫോം ആയതുകൊണ്ട് തന്നെ വഞ്ചിനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ നിലവിലെ ഷെഡ്യൂൾ സമയത്തിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ല. നഗരത്തിന്റെ ഗതാഗതക്കുരുക്കുകൾ ഒന്നുമില്ലാതെ ഏറ്റുമാനൂർ സ്റ്റേഷനിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് എത്തിച്ചേരാൻ കഴിയുമെന്നതും ജില്ലയിലെ തന്നെ ഏറ്റവും മികച്ചതും വിപുലവുമായ പാർക്കിങ് ഏരിയായോട് കൂടിയതും ഒപ്പം അമൃത് ഭാരത് പദ്ധതിയുടെ മേന്മകളും ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രാധാന്യം ഇരട്ടിപ്പിക്കുന്നു.
എം ജി യൂണിവേഴ്‌സിറ്റി, കുടുംബകോടതി, മെഡിക്കൽ കോളേജ്, ICH കുട്ടികളുടെ ആശുപത്രി, ബ്രില്യന്റ് കോളേജ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ITI, ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ഏറ്റുമാനൂർ ക്ഷേത്രം, അതിരമ്പുഴ പള്ളി, ചാവറ – മാന്നാനം പള്ളി, മറ്റു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതിചെയ്യുന്നുണ്ട്.
ഏറ്റുമാനൂർ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ്സിന് മാത്രം സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുന്നതാണ്. നിലവിൽ ഏറ്റുമാനൂരിൽ നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് രാവിലെയും എറണാകുളത്ത് നിന്ന് വൈകുന്നേരം തിരിച്ചുമാണ് യാത്രക്കാർ കൂടുതലുള്ളത്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതോടെ സ്റ്റേഷനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഔട്ടോ, ടാക്സി മേഖല മെച്ചപ്പെടുന്നതോടൊപ്പം സമീപ പ്രദേശത്തെ കച്ചവടങ്ങളിലും ആനുപാതികമായ അഭിവൃദ്ധിയുണ്ടാകുന്നതാണ് . തീർച്ചയായും വഞ്ചിനാടിന് മാത്രം സ്റ്റോപ്പ് അനുവദിച്ചാൽ നാടിന്റെ മുഖം തന്നെ മാറുന്നതാണ്. റെയിൽവേ സ്റ്റേഷൻ – സമീപവാസികളുടെ ദീർഘകാലമായുള്ള യാത്രാദുരിതം പരിഹരിക്കുന്നതിന് 16303/04 വഞ്ചിനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളെ സമീപിക്കാൻ ഒരുങ്ങുകയാണ് ഏറ്റുമാനൂർ ജനകീയ വികസന സമിതി. എല്ലാ നാട്ടുകാരുടെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും പിന്തുണയുണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.