ന്യൂഡൽഹി: പ്രളയ ഭീതിയിൽ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. യമുന കരകവിഞ്ഞ് ഒഴുകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വരേയാണ് അവധി. അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ – സ്വകാര്യ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
നിലവിൽ 208.6 മീറ്ററാണ് യമുനാ നദിയിലെ ജലനിരപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ വെള്ളം കയറിത്തുടങ്ങിയിരുന്നു. ഒട്ടനവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു. നഗരത്തിൽ കുടിവെള്ളപ്രശ്നവും രൂക്ഷമാകുന്നുണ്ട്.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജല ശുദ്ധീകരണപ്ലാന്റ് അടച്ചതോടെയാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്. നഗരത്തിൽ ഗതാഗതം നിലച്ചനിലയിലാണ്. അവശ്യ സേവനങ്ങളല്ലാത്ത ചരക്കു വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
#WATCH | A rickshaw-puller pedals through chest-deep water in the flooded area near Red Fort of Delhi. pic.twitter.com/bIezx11zye
— ANI (@ANI) July 13, 2023
ഹരിയാനയിലെ ഹത്നിക്കുണ്ട് അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു തുടങ്ങുകയാണ്. അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് തുറന്നുവിടുന്നത് തുടരുകയാണ്.