മുംബൈ: മഹാരാഷ്ട്രയില്‍ (Maharashtra) ഒളിവില്‍ കഴിഞ്ഞിരുന്ന വരാപ്പുഴ പീഡനക്കേസ് പ്രതിയെ (Varappuzha Rape Case) അടിച്ച് കൊന്ന് കിണറ്റിൽ തള്ളി. വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിൽ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. സംഭവത്തിൽ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികൾ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണടക്കമുള്ള പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു.ശോഭയ്ക്ക് 18 വര്‍ഷം തടവാണ് വിധിച്ചത്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും ശോഭാ ജോണിന് മേല്‍ ചുമത്തിയിട്ടുണ്ട്. അതേസമയം ജയരാജന്‍ നായരെ 11 വര്‍ഷം കഠിന തടവിന് കോടതി വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണു കേസ്.
പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായിരുന്നു മുഖ്യപ്രതി ശോഭ ജോണ്‍. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരീഭര്‍ത്താവുമടക്കം എട്ടുപേരാണ് പ്രതികള്‍. കേസില്‍ പ്രതിയായിരുന്ന ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, പെണ്‍കുട്ടിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
കേസില്‍ മറ്റൊരു പ്രതിയായ ജിന്‍സ് വിചാരണ കാലയളവില്‍ മരിച്ചിരുന്നു. 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അഞ്ച് കേസുകളില്‍ വിചാരണ തുടരുകയാണ്.ഇവയിലൊന്നിലെ പ്രതിയായിരുന്നു വിനോദ്കുമാര്‍ 2011 ജൂലൈ മൂന്നിനാണു കേസിനാസ്പദമായ സംഭവം.