കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ്. ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകർ അവിടെയെത്തിയത് ബക്കറ്റ് പിരിവിനല്ല. വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു പറഞ്ഞു.
പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.
ദീപുവിന്റെ അയൽവാസികൾ പോലും എംഎൽഎയ്ക്ക് എതിരെ പ്രതികരിക്കാൻ ഭയക്കുന്നു. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കെതിരെ ഭീഷണി ഉയർത്തുകയാണ്. വിളക്കണക്കൽ സമരത്തിന്റെ 90 ശതമാനം പോസ്റ്ററുകളും കീറിക്കളഞ്ഞു. പിവി ശ്രീനിജൻ എംഎൽഎയായ ശേഷം തങ്ങളുടെ 50 പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ഗാന്ധിയൻ രീതിയിൽ മുന്നോട്ട് പോകുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.
പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകളിലും വകുപ്പ് ഓഫീസുകളിലും എംഎൽഎയുടെ നിർദ്ദേശത്തിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ആരെങ്കിലും അനുസരിച്ചില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തുന്നു. കിഴക്കമ്പലം പഞ്ചായത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ നിരവധി തടസങ്ങളുണ്ടായി. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ട് പോയത് പഞ്ചായത്തുകൾ ആവശ്യപ്പെട്ടത് കൊണ്ടാണ്. ഞങ്ങളുടേത് ഗാന്ധിയൻ സമീപനം. നിയമം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിളക്കണക്കൽ സമരം സമാധാനപരമായിരുന്നു. അക്രമി സംഘം ശ്രീനിജൻ എംഎൽഎയുമായി കൃത്യം നടത്തുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളിൽ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജൻ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആർക്കും പരാതി പറയാൻ പോലും ധൈര്യം ഇല്ലെന്നും സാബു ആരോപിച്ചു.
എംഎൽഎയുടെയും ഗുണ്ടകളുടെയും വിളയാട്ടം ആണ് തങ്ങളുടെ നാല് പഞ്ചായതുകളിലുമെന്ന് സാബു വിമർശിച്ചു. 10 മാസം കൊണ്ടു അഞ്ച് പൈസയുടെ പ്രയോജനം എംഎൽഎയെ കൊണ്ട് ഉണ്ടായിട്ടില്ല. അർഹത ഇല്ലാത്തവർക്ക് അധികാരം കിട്ടുന്നതിന്റെ ഇരയാണ് ദീപുവെന്നും സാബു കുറ്റപ്പെടുത്തി.