ചണ്ഡീഗഢ്: കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം ബജ്‌രംഗ് പുണിയയ്ക്ക് വധഭീഷണി. അന്താരാഷ്ട്ര നമ്പറില്‍നിന്നും വാട്‌സാപ്പില്‍ ഭീഷണിസന്ദേശം ലഭിച്ചതായി പുണിയ പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ സന്ദേശത്തില്‍ പറയുന്നു.
ഞായറാഴ്ചയാണ് പുണിയയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സോനിപത്തിലെ ബാല്‍ഗഢ് പോലീസ് സ്‌റ്റേഷനില്‍ പുണിയ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
'ബജ്‌രംഗ്, കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഞങ്ങളാരാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ കാണിച്ചുതരും. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ, ഇത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്', സന്ദേശത്തില്‍ പറയുന്നു.
അതിനിടെ, ബജ്‌രംഗ് പുണിയയ്ക്കും വിനേഷ് ഫോഗട്ടിനുമെതിരായി പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനോട് ബി.ജെ.പി. നേതൃത്വം ആവശ്യപ്പെട്ടു. ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബ്രിജ് ഭൂഷണ്‍ നടത്തിയ പ്രസ്താവനകള്‍ ഹരിയാണയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് എതിരായ വികാരമുണ്ടാക്കിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. ബി.ജെ.പി. ദേശീയ ആധ്യക്ഷന്‍ ജെ.പി. നഡ്ഡ ബ്രിജ് ഭൂഷണിനോട് സംസാരിച്ചതായാണ് വിവരം. ബുദ്ധിപൂര്‍വ്വമായ മൗനം ഇക്കാര്യത്തില്‍ സ്വീകരിക്കാനാണ് നഡ്ഡ ആവശ്യപ്പെട്ടതെന്നാണ് സൂചന.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുണിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റെയില്‍വേയില്‍നിന്ന് രാജിവെച്ചായിരുന്നു ഇരുവരുടേയും രാഷ്ട്രീയപ്രവേശം. പിന്നാലെ വിനേഷ് ഫോഗട്ടിനെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ബജ്‌രംഗ് പുണിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചിരുന്നു