തെലുങ്ക് താരം നാഗാര്‍ജുനയുടെ കൃഷി ഭൂമിയില്‍ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി
സൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന അക്കിനേനിയുടെ കൃഷിഭൂമിയില്‍ നിന്നു അഴുകിയ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. മഹ്ബൂബ് നഗറിലെ പാപ്പിറെഡ്ഡിഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നു ബുധനാഴ്ച രാത്രി കര്‍ഷകരാണ് ആദ്യം കണ്ടത്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് പറഞ്ഞു.
ജൈവകൃഷി ലക്ഷ്യമിട്ട് ഏകദേശം 40 ഏക്കറോളം വരുന്ന കൃഷിഭൂമി കുറേ നാള്‍ മുമ്പാണ് നാഗാര്‍ജ്ജുന വാങ്ങിയത്. അമല അക്കിനേനി ഈ മാസം ആദ്യം ഇവിടം സന്ദര്‍ശിക്കുകയും ബുധനാഴ്ച ഇവിടേയ്ക്ക് കൃഷി വിദഗ്ദ്ധരെ അയയ്ക്കുകയും ചെയ്തിരുന്നു. കൃഷിയിറക്കുന്നതിന് മുന്നോടിയായി എത്തിയ പണിക്കാര്‍ വയലിന് നടുവിലെ ഫാംഹൗസില്‍ നിന്നും ദുര്‍ഗ്ഗന്ധം വന്നതിനെ തുടര്‍ന്ന് തുറന്ന് നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പൂര്‍ണ്ണമായും അഴുകി അസ്ഥികൂടമായി മാറിയിരിക്കുന്ന രീതിയിലായിരുന്നു. പുരുഷന്റേതാണ് മൃതദേഹമെന്നാണ് വിലയിരുത്തല്‍. നീളന്‍കയ്യുള്ള ഷര്‍ട്ടും ട്രൗസറും ധരിച്ച നിലയിലായിരുന്നു മൃതദേഹം. മരണം ആറുമാസം മുമ്പെങ്കിലും നടന്നിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.