ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ തിക്കിലുംതിരക്കിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞതായി നടിയും രാജ്യസഭാ എം.പി.യുമായ ജയ ബച്ചന്‍. മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞതിനാല്‍ നദിയിലെ വെള്ളം മലിനമായിരിക്കുകയാണെന്നും സമാജ് വാദി പാര്‍ട്ടി എം.പി.യായ ജയ ബച്ചന്‍ ആരോപിച്ചു. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ജയ ബച്ചന്റെ ആരോപണം.
‘ഇപ്പോള്‍ എവിടെയാണ് വെള്ളം ഏറ്റവും കൂടുതല്‍ മലിനമായിരിക്കുന്നത്? അത് കുംഭിലാണ്. തിക്കിലുംതിരക്കിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞതിനാലാണ് വെള്ളം മലിനമായിരിക്കുന്നത്”, ജയ ബച്ചന്‍ പറഞ്ഞു. മഹാകുംഭമേളയ്‌ക്കെത്തുന്ന സാധാരണക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പ്രയാഗ് രാജില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എം.പി. കുറ്റപ്പെടുത്തി.
യഥാര്‍ഥപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. കുംഭമേളയ്ക്ക് വരുന്ന സാധാരണജനങ്ങള്‍ക്ക് യാതൊരു പ്രത്യേക പരിഗണനയും ലഭിക്കുന്നില്ല. അവര്‍ക്കുവേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. എന്നാല്‍, വി.ഐ.പി.കള്‍ക്കെല്ലാം പ്രത്യേകപരിഗണനയാണ് ലഭിക്കുന്നതെന്നും ജയ ബച്ചന്‍ ആരോപിച്ചു. മഹാകുംഭമേളയ്ക്ക് കോടിക്കണക്കിന് പേര്‍ എത്തിയെന്ന അവകാശവാദത്തെയും ജയ ബച്ചന്‍ ചോദ്യംചെയ്തു. ഇത്രയും പേര്‍ എങ്ങനെയാണ് ഒരുസ്ഥലത്ത് ഒത്തുകൂടുകയെന്നും എം.പി. ചോദിച്ചു.