കൊച്ചി:ഡിസംബർ രണ്ടാം തിയതിയാണ് മോഹൻലാലിന്റെ(Mohanlal) മരക്കാർ (Marakkar) എന്ന ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതെങ്കിലും ചിത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിനെതിരെ ഡീഗ്രേഡിങ്ങും നടന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. സിനിമയെ പലരും വാനോളം പുകഴ്ത്തി, ചിലർ ബോധപൂർവമായ ഡീഗ്രേഡിങ്ങിലൂടെ ഇൻഡസ്ട്രിയെ കൊല്ലുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
മോഹൻലാലിന്റെ വാക്കുകൾ
ആരാണ് ഇത് ചെയ്യുന്നതെന്ന് നമുക്ക് അറിയാൻ സാധിക്കില്ലല്ലോ. ഇക്കാര്യത്തിൽ അമ്മയ്ക്ക് ഒന്നും ചെയ്യാനാകില്ല. സിനിമ കണ്ടിട്ട് നല്ലതാണെങ്കിൽ നല്ലതെന്ന് പറയാം മോശമാണെങ്കിൽ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രോഡിംഗ് ഉണ്ടായി. അത് ഈ സിനിമയ്ക്ക മാത്രമല്ല ഒരുപാട് സിനിമയ്ക്കെതിരെ ഉണ്ടായി. ഇതിലൂടെ വലിയൊരു ഇൻഡസ്ട്രിയെ കൊല്ലുകയാണ്.
അതേസമയം, അമ്മ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിൻ്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്. ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ളരാജുവും എത്തും.