KeralaNews

റോഡിലെ അപകടകരമായ കുഴികൾ: കണക്കെടുക്കാൻ എസ്എച്ച്ഒമാർക്ക് നിർദേശം,പോലീസില്‍ മുറുമുറുപ്പ്‌

തിരുവനന്തപുരം∙ അധികാര പരിധിയിലുള്ള സ്ഥലത്തെ റോഡുകളിലെ അപകടകരമായ കുഴികളുടെ കണക്കെടുക്കാൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് (എസ്എച്ച്ഒ) എസ്പിമാരുടെ നിർദേശം. ഉന്നതതല യോഗത്തിൽ അവതരിപ്പിക്കാനാണ് കണക്കുകൾ ശേഖരിക്കാൻ നിർദേശിച്ചത്. ജില്ലാ സ്പെഷൽ ബ്രാഞ്ചിനായിരുന്നു കണക്കുകൾ കൈമാറേണ്ടത്.

ഇതുപ്രകാരം എസ്എച്ച്ഒമാർ അപകടകരമായ കുഴികളുടെ വിവരങ്ങൾ ശേഖരിച്ച് കൈമാറിയതായാണ് വിവരം. അപകടകരമായ കുഴികളുടെ വിവരം പ്രത്യേക ഫോമിൽ പൂരിപ്പിച്ചു നൽകാനായിരുന്നു നിർദേശം. പൊലീസ് സ്റ്റേഷന്റെ പേര്, റോഡിന്റെ പേര്, കുഴികൾ കണ്ടെത്തിയ സ്ഥലം, റോഡിന്റെ പരിപാലനം ആർക്ക് തുടങ്ങിയ വിവരങ്ങളാണ് കൈമാറേണ്ടിയിരുന്നത്.

റോഡുകളിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയിരുന്നു. റോഡിലെ കുഴി അടയ്ക്കുന്നത് പശ വച്ചാണോയെന്ന് കോടതി ചോദിച്ചിരുന്നു. റോഡിലെ കുഴികളെ സംബന്ധിച്ച് സർക്കാരിന്റെ കയ്യിൽ വ്യക്തമായ കണക്കുകളില്ലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പൊലീസിനെ ഉപയോഗിച്ചുള്ള കണക്കെടുപ്പ്. കുഴിയെണ്ണൽ ഡ്യൂട്ടിക്കെതിരെ പൊലീസിലും പ്രതിഷേധമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button